തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിട്ട സമയത്ത് ഇവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്ന് മന്ത്രി കെ. രാജു. ഇത്രയും വലിയ ദുരന്തം ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ സാധിച്ചില്ല. പ്രളയം രൂക്ഷമായത് താൻ ജർമനിയിലേക്ക് പോയതിനുശേഷമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജിവയ്ക്കേണ്ട തെറ്റൊന്നും താൻ ചെയ്തിട്ടില്ല. എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയേയും പാർട്ടി സെക്രട്ടറിയെയും അറിയിച്ചിരുന്നു. പ്രളയം രൂക്ഷമായത് അറിഞ്ഞതോടെ മടങ്ങാൻ ശ്രമിച്ചു. എന്നാൽ വിമാന ടിക്കറ്റ് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം രൂക്ഷമായതോടെ മടങ്ങാൻ പാർട്ടി സെക്രട്ടറിയും നിർദേശിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമാണ് ജർമൻ യാത്ര നടത്തിയത്. യാത്രയ്ക്കു സർക്കാരിന്റെയും പാർട്ടിയുടെയും അനുമതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭാവത്തിൽ കോട്ടയത്തെ പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് താത്കാലികമായാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമനെ ഏൽപ്പിച്ചത്. ദീർഘകാലത്തേക്കാണെങ്കിൽ മാത്രം മുഖ്യമന്ത്രിയുടെ അനുമതി വാങ്ങേണ്ടതെന്നും രാജു കൂട്ടിച്ചേർത്തു.