ചവറ: കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി കെ രാജു പറഞ്ഞു. പന്മന ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച നാല് കോടി രണ്ട് ലക്ഷം രൂപയുടെ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസ യജ്ഞം പ്രകാരം പ്രഖ്യാപിച്ചിട്ടുള്ള എല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാർ സ്കൂളുകൾക്കൊപ്പം എയ്ഡഡ് സ്കൂളിനും തുല്യമായ വികസനപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട് . സംസ്ഥാനത്ത് 45000 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി.രണ്ടുവർഷം കഴിഞ്ഞപ്പോൾ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചു.
പൂർവ വിദ്യാർഥിസംഘടനകൾ വഴിയും മറ്റു വ്യക്തികൾ വഴിയും സ്കൂളുകളുടെ ഉന്നമനത്തിനായി സഹായങ്ങൾ തേടണം. സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ സർക്കാർ സ്കൂളുകൾക്ക് കഴിയുന്നുണ്ട് എന്നുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ എൻ.വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ക്ലാസുകളുടെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും എൻ.കെ.പ്രേമചന്ദ്രൻ എംപിയും നവീകരിച്ച ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സോമപ്രസാദ് എംപിയും നിർവഹിച്ചു. കലാകായിക ശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി മേളകളിൽ സംസ്ഥാന ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കും കൺവീനർമാരായ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി പിള്ള , പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശാലിനി , ഗ്രാമ പഞ്ചായത്തംഗങ്ങളായ വരവിള നിസാർ, അഹമ്മദ് മൻസൂർ,പിടിഎ പ്രസിഡന്റ് എ.നിസാറുദീൻ, എസ് എം സി ചെയർമാൻ കെ.അബ്ദുൽ സലീം, വൈസ്.പ്രസിഡന്റ് ജി.സിനികുമാർ, പ്രിൻസിപ്പാൾ റ്റി.സുനു , പ്രഥമാധ്യാപകൻ ഇ.ജോയിക്കുട്ടി, കൺവീനർ ഷെമീർ, എ.കെ.ആനന്ദ് കുമാർ, ഇ.ജോയിക്കുട്ടി, അഷീർ തുടങ്ങിയവർ പ്രസംഗിച്ചു.