തിരുവനന്തപുരം: ജർമ്മൻ യാത്രയിൽ മന്ത്രി കെ.രാജു ഖേദം പ്രകടിപ്പിച്ചു. പ്രളയ സമയത്ത് താനിവിടെ ഇല്ലാതിരുന്നത് തെറ്റായിപ്പോയെന്നും അതിൽ ഖേദമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. താൻ ജർമ്മനിയിൽ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. ജർമ്മനിയിൽ നിന്നും മടങ്ങാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം രൂക്ഷമാകുമെന്ന് മുൻകൂട്ടി അറിയാൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാൽപ്പത്തിയഞ്ച്് വർഷമായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും പഞ്ചായത്തംഗമായി ആരംഭിച്ച കാലം മുതൽ ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളോടൊപ്പം നിന്നിട്ടുണ്ടെന്നും വിഷമഘട്ടങ്ങളിൽ ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയ സമയത്ത് മന്ത്രി ജർമ്മൻ യാത്ര പോയത് ഏറെ വിവാദമായിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോൾ തന്റെ യാത്രയെ ന്യായികരിച്ച് സംസാരിച്ചിരുന്നു. ഇത് പാർട്ടിയിൽ അദ്ദേഹത്തെ ഏറെ വിമർശിച്ചിരുന്നു. പ്രതിപക്ഷം രാജുവിന്റെ രാജി ആവശ്യപ്പെടുക വരെ ചെയ്തിരുന്നു.
ഖേദ പ്രകടനത്തോടെ വിവാദങ്ങൾ കെട്ടടങ്ങുമെന്ന വിശ്വാസത്തിലാണ് മന്ത്രി കെ.രാജുവിന്റെ ഖേദ പ്രകടനമെന്നാണ് അറിയാൻ കഴിയുന്നത്.