കൊല്ലം: കേരളത്തിന്റെ നവോഥാന മൂല്യങ്ങളെ ചവുട്ടി മെതിക്കാനാണ് ശബരിമലയുടെ പേരില്‍ കലാപം നടത്തുന്നവര്‍ ശ്രമിക്കുന്നതെന്നും സത്യം തിരിച്ചറിയുന്നവരാരും ഇതിനെ പിന്തുണയ്ക്കില്ലെന്നും മന്ത്രി കെ. രാജു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രപ്രവേശന വിളംബരവും സമകാലീന കേരളവും എന്ന വിഷയത്തില്‍ കൊല്ലം ജവഹര്‍ ബാലഭവനില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമമാണ് ഭരണഘടന. അത് അംഗീകരിക്കില്ലെന്നാണ് കലാപകാരികള്‍ പറയുന്നത്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സര്‍ക്കാര്‍ നിയമം നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ജാതിയും മതവും ഉള്‍പ്പെടെ അനേകം വൈവിധ്യങ്ങള്‍ക്കിടയിലും രാജ്യം നിലനില്‍ക്കുന്നത്.
ഒരിക്കല്‍ വികലമായ ദുരാചാരങ്ങളുടെ നാടായിരുന്നു കേരളം. സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ അവിടെനിന്നും ഈ നാടിനെ ഏറെ ദുരം മുന്നോട്ടു കൊണ്ടുപോയി. ഐതിഹാസികമായ നവോഥാന നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളോട് വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ. ഗോപന് അധ്യക്ഷത വഹിച്ചു. നേരിട്ട് ജാതി ചോദിക്കുന്ന തലത്തിലേക്കുള്ള കേരള സമൂഹത്തിന്റെ മാറ്റത്തിനെതിരെ ജാഗ്രത വേണ്ടതുണ്ടെന്ന് സബ് കളക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. ഇനിയുള്ള കാലത്തെ തെറ്റുകളില്‍നിന്ന് അകലാന്‍ ക്ഷേത്രപ്രവേശന വിളംബരവാര്ഷികാഘോഷം സഹായകമാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
ഏത് ആചാരം സ്വീകരിക്കണം ഏത് തള്ളിക്കളയണം എന്ന തിരിച്ചറിവാണ് ഇന്നത്തെ സാഹചര്യത്തില്‍ പ്രധാനമെന്ന് കൊല്ലം പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന് ഇലങ്കത്ത് പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച തമസോമാ ജ്യോതിര്‍ഗമയ എന്ന പുസ്തകത്തിന്റെ പ്രകാശനം സബ് കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു.
ആദ്യ കോപ്പി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗം മുഖത്തല ശിവജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, അസിസ്റ്റന്റ് എഡിറ്റര്‍ ജസ്റ്റിന് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് പോരുവഴി കുടുംബശ്രീ കലാസംഘത്തിന്റെ ശിങ്കാരിമേളവും ദേവരാജന്‍ ശക്തിഗാഥയുടെ നവോഥാന ഗീതിക സംഗീത പരിപാടിയും അരങ്ങേറി.