കാഞ്ഞിരപ്പള്ളി: ആയിരം കിലോമീറ്റർ കാൽനടയായി റാമു എന്ന നായ ശബരിമലയിലേക്ക്.
കഴിഞ്ഞ 12ന് കർണാടകയിലേ ഗദകിൽ നിന്നും യാത്ര തുടങ്ങിയതാണ് വിശ്വനാദ് സ്വാമിയും സംഘവും.
ഗദകിലെ അന്നദാന മഹാപ്രഭു സന്നിദഹാളിൽ നിന്നുമാണ് ഏഴംഗം സംഘം കെട്ടുനിറച്ച് കാൽനടയായി യാത്ര ആരംഭിച്ചത്. 12ന് ആരംഭിച്ച യാത്രയിൽ ഇവർക്കൊപ്പം കൂടിയതാണ് റാമു എന്ന നായയും. ഇപ്പോൾ ഏതാണ്ട് 900 കിലോ മീറ്റർ കാൽനടയായി കാഞ്ഞിരപ്പള്ളിയിൽ എത്തുന്പോഴും യാതൊരു വിഷമതകളുമില്ലാതെ ഇവർക്കൊപ്പം തന്നെയുണ്ട് റാമു എന്ന നായയും.
കർണാടകയിലെ ഗൂഡല്ലൂർപേട്ട് ഹോട്ടലിന്റെ മുന്നിൽ നിന്നുമാണ് നായ ഇവർക്കൊപ്പം കൂടിയത്. ഇവർക്കൊപ്പം നടന്നും ഭക്ഷണം കഴിച്ചും രാത്രിയിൽ അന്പലങ്ങളിൽ അന്തിയുറങ്ങിയും ഏതുസമയത്തും വിട്ടുമാറാതെ ഒപ്പമുണ്ട് റാമു. ഗുരുസ്വാമിയായ വിശ്വനാദ് സ്വാമിക്കൊപ്പം പുനീത്, ഉച്ചപ്പ, പരമേശ്വർ, രമേശ്, മല്ലു, നരസിംഗ എന്നിവരാണ് സംഘത്തിലുള്ളത്. നായ പോരുന്നതുവരെ ഒപ്പം കൊണ്ടുപോകുവാനാണ് നിലവിൽ ഇവരുടെ തീരുമാനം.