തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടർന്ന് സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയെ കൺസ്യൂമർ ഫെഡ് എംഡിയാക്കാൻ സർക്കാർ നീക്കം. മുൻ കശുവണ്ടി കോർപ്പറേഷൻ എംഡി കെ എ രതീഷിനെ കൺസ്യൂമർ ഫെഡ് എംഡിയായി നിയമിക്കാനാണ് നീക്കം നടക്കുന്നത്.
കശുവണ്ടി വികസന കോര്പ്പറേഷൻ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയിൽ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷ് നേരിട്ടത്. തുടർന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് രതീഷിനെതിരെ സിബിഐ കേസെടുത്തത്.
കൺസ്യൂമർ ഫെഡ് എംഡി തസ്തികയിലെക്ക് 14 പേർ അപേക്ഷ നല്‍കിയതില്‍ അഞ്ചു പേരെ അഭിമുഖത്തിന് തെരഞ്ഞെടുത്തിരുന്നു. അഭിമുഖത്തിൽ രതീഷ് ഒന്നാമനായി. വിജിലൻസിന്റെ ക്ലിയറൻസ് ലഭിച്ചാൽ നിയമനം നൽകിയേക്കും. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയിലാണ് കെ എ രതീഷ് സിബിഐ അന്വേഷണം നേരിടുന്നത്.