സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: പദവിക്ക് നിരക്കാത്ത പ്രയോഗങ്ങൾ ഉപയോഗിച്ച് ഗവർണർ പദവിയുടെ മാന്യത കൈവിടുന്നുവെന്ന് മന്ത്രി രാജൻ.
ഗവർണർക്കു പിന്നിൽ ആരെങ്കിലുമുണ്ടെങ്കിൽ വൈകാതെ പുറത്തുവരുമെന്നും രാജൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഗവർണർ ഒരു ഭരണഘടനപദവിയാണ്. കമ്യൂണിസ്റ്റുകാർക്ക് ഗവർണർ പദവി വേണോ എന്നൊക്കെയുളള അഭിപ്രായവ്യത്യാസങ്ങളുണ്ട്.
ഒരു ഭരണകൂടത്തിന്റെ ഭാഗമെന്ന നിലയിൽ ഭരണഘടന ഗവർണർക്കനുവദിക്കുന്ന എല്ലാ അവകാശങ്ങളും ആദരവും ബഹുമാനങ്ങളും ഗവർണറോട് പ്രകടിപ്പിച്ചു തന്നെയാണ് നമ്മൾ പോയിട്ടുള്ളത്.
ഗവർണർ ആ പദവിയുടെ മാന്യത കൈവിടുന്നു എന്ന ഘട്ടം വരുന്പോഴാണ് പ്രശ്നം വരുന്നതെന്ന്് രാജൻ ചൂണ്ടിക്കാട്ടി.
ഗവർണർ എന്താണ് എന്നും ചുമതല എന്താണ് ആരെല്ലാം ഉപദേശ നിർദ്ദേശങ്ങൾ നൽകണം എന്നെല്ലാം ഭരണഘടനയിൽ കൃത്യമായി ഡിസൈൻ ചെയ്തിട്ടുണ്ട്.
ഗവർണർ എന്ന പദവിയിലിരുന്നുകൊണ്ട് പറയാൻ പാടില്ലാത്തവിധത്തിലുള്ള കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും അതിരുവിടുകയും ആ പദവിയുടെ മാന്യതക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്പോഴാണ് പ്രശ്നമുണ്ടാകുന്നത്. സ്വാഭാവികമായും ശ്രദ്ധിക്കണമെന്നും രാജൻ പറഞ്ഞു.
ഇന്ത്യ ഒരു ഫെഡറൽ സ്റ്റേറ്റാണ്. ശക്തമായ കേന്ദ്രവും സുശക്തമായ സ്റ്റേറ്റുകളും എന്ന ആശയത്തെ കേന്ദ്രീകരിച്ചുപോകുന്ന ഒരു ഫെഡറൽ സ്റ്റേറ്റിൽ ഭരണഘടന സ്ഥാപനങ്ങൾ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ ഗവണ്മെന്റുകളെ ഏതെങ്കിലും വിധത്തിൽ അതിന്റെ പ്രവർത്തനങ്ങളെ തടയാൻ ശ്രമിക്കുന്നത് ഒരു ഫെഡറൽ രാജ്യത്തിന് നമ്മുടെ ഭരണഘടനക്കനുസരിച്ച് ഭൂഷണമല്ലാത്ത കാര്യമാണ്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
അതിരുവിടുന്ന നടപടികളിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും രാജൻ പ്രത്യാശിച്ചു.
ഭരണഘടന നൽകുന്ന പദവി അനുസരിച്ച് അദ്ദേഹത്തിന് എല്ലാ ബഹുമാനവും തങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതു വിട്ടുപോകുന്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ പറഞ്ഞത്.
ഗവർണർ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്പോൾ ജനാധിപത്യ കേരളത്തിന് മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഗവർണർക്ക് നൽകേണ്ട ആദരം സംസ്ഥാനം ഇപ്പോഴും കൊടുക്കുന്നുണ്ട് അതു തുടരുമെന്നും രാജൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഗവർണർക്കു പിന്നിൽ ആരെല്ലാമാണെന്ന് അനാവരണം ചെയ്യപ്പെടുമെന്നും കാത്തിരുന്ന് കാണാമെന്നും രാജൻ പറഞ്ഞു.