തിരുവനന്തപുരം:യുവ എംഎല്‍എ കെ.എസ് ശബരീനാഥനും തിരുവനന്തപുരം സ്വദേശിനിയും സബ്കളക്ടറുമായ ദിവ്യാ. എസ്. അയ്യരും വിവാഹിതരാകാന്‍ പോവുകയാണ്. ശബരീനാഥന്‍ ഫേസ്ബുക്കിലൂടെ നാട്ടുകാര്‍ക്കു മുമ്പിലാണ് ഈ പ്രണയകഥ ആദ്യമായി വെളിപ്പെടുത്തിയത്. മണ്ഡലത്തില്‍ സജീവസാന്നിധ്യമായ എംഎല്‍എ എപ്പോഴാണ് പ്രേമിക്കാന്‍ സമയം കണ്ടെത്തിയതെന്നായിരുന്നു ചിലരുടെ ചോദ്യം. എതായാലും മുന്‍നിര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരുപോലെ ആഘോഷിച്ച വാര്‍ത്തയായി മാറിയിരിക്കുകയാണ് എംഎല്‍എയുടെയും സബ് കളക്ടറുടെയും പ്രണയം.
പബ്ലിക് റിലേഷന്‍സ് വകുപ്പ് അട്ടക്കുളങ്ങര സ്കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസമെന്ന നാടകം കാണാനെത്തിയതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് ഇരുവരും പറയുന്നു. പുസ്തകങ്ങളും വായനയുമൊക്കെയാണ് ഇരു ഹൃദങ്ങളെയും തമ്മിലടുപ്പിച്ചതും. ടാഗോറിന്റെയും മിലന്‍ കുന്ദേരയുടെയും രചനകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ദിവ്യ എസ് അയ്യര്‍ പറയുന്നു. എല്ലാം അപ്രതീക്ഷിതമെന്നാണ് ദിവ്യയുടെ പക്ഷം. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മതിലുകള്‍ എന്ന സിനിമയിലെ രംഗങ്ങളാണ് ശബരിയുടെ മനസിലേക്ക് ഓടിയെത്തുക. ശബ്ദം കൊണ്ട് പ്രണയിച്ച നാരായണിയെയും ബഷീറിനെയും പോലെ ഫോണിലൂടെ പരസ്പരം പ്രണയിക്കുന്ന രണ്ട് യുവമിഥുനങ്ങള്‍.
സോഷ്യല്‍ മീഡിയ തങ്ങളുടെ പ്രണയത്തിനു നല്‍കിയ പിന്തുണ ഞെട്ടിച്ചു കളഞ്ഞെന്നാണ് ഇരുവരും പറയുന്നത്.എംഎല്‍എയുടെ ഔദ്യോഗിക നമ്പരില്‍ വാട്ട്‌സ്ആപ്പ് ഇല്ലാത്തതാണ് ശരിക്കും ഇരുവരുടെയും പ്രണയത്തിന് തുടക്കമിട്ടത്. ഔദ്യോഗിക വിവിരം എംഎല്‍എയ്ക്ക് അയയ്‌ക്കേണ്ടി വന്നപ്പോഴാണ് എംഎല്‍എയ്ക്ക് വാട്ട്‌സ്ആപ്പ് ഇല്ലെന്ന് ദിവ്യയ്ക്ക് മനസിലായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ ശബരി തന്റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പര്‍ സബ് കളക്ടര്‍ക്ക് കൈമാറി. അതിനുശേഷം തങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് ദ്വ്യ പറയുന്നു. പുസ്തകങ്ങള്‍, സംഗീതം അങ്ങനെ സ്വകാര്യമായ ഇഷ്ടങ്ങളും ആശയങ്ങളുമൊക്കെ പങ്കുവച്ചു. പലതിലും കണ്ട സമാനകളാണ് തങ്ങളെ പരസ്പരം അടുപ്പിച്ചതും വിവാഹമെന്ന തീരുമാനത്തിലേക്കെത്തിച്ചതും.
വിവാഹശേഷം മുന്‍കൂട്ടി തീരുമാനിച്ച കുറേ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യണം. പിന്നെ പ്രധാനപ്പെട്ട മറ്റൊന്ന് ഒന്നിച്ചൊരു പുസ്തകമെഴുതണമെന്നതാണ്. അത് എന്തിനെക്കുറിച്ചാകുമെന്നൊന്നും തീരുമാനിച്ചിട്ടില്ല. പിന്നെ ശബരിയുടെ കൈപിടിച്ച് മഴ നനഞ്ഞ് നടക്കണം. ഇതൊക്കെയാണ് തന്റെ ആഗ്രഹങ്ങളെന്ന് ദിവ്യ പറയുന്നു.
എപ്പോഴും സന്തോഷമായിരിക്കുക. അതാണ് ശബരിയുടെ ആഗ്രഹം. പിന്നെ ദിവ്യയ്ക്ക് ആദിവാസി കോളനികളൊക്കെ സന്ദര്‍ശിക്കണമെന്നുണ്ട്. തന്റെ മണ്ഡലത്തില്‍ വിതുരയും കോട്ടൂരുമൊക്കെ അങ്ങനെയുള്ള സ്ഥലങ്ങളാണ്. അവിടെയൊക്കെ ദിവ്യയെ കൊണ്ടുപോകണം ശബരി പറയുന്നു.
വീട്ടുകാര്‍ക്ക് തങ്ങളുടെ പ്രണയത്തില്‍ ആ്ദ്യമൊക്കെ ആശങ്കയുണ്ടായിരുന്നു. ശബരിയുടെ ജോലിയുടെ അസ്ഥിരതയും പൊളിറ്റിക്കല്‍ ഇമേജുമൊക്കെ വീട്ടുകാര്‍ ചര്‍ച്ച ചെയ്തിരുന്നു. ശബരി എന്ന വ്യക്തിയെ കണ്ട് സംസാരിച്ച ശേഷം മതി തീരുമാനം എന്നായിരുന്നു എന്റെ പക്ഷം. അതനുസരിച്ചു അവര്‍ സംസാരിച്ചു. ഒരു എംഎല്‍എ.യാണ് എന്നു അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പിന്നീട് അവര്‍ പ്രതികരിച്ചത്. അത്രയ്ക്ക് ലളിതമാണ് ശബരിയുടെ വ്യക്തിത്വമെന്നും ദിവ്യ പറയുന്നു.