കൂത്തുപറമ്പ്: വന്യമൃഗശല്യം കാരണം കാർഷിക മേഖലയെ കൈയൊഴിയുന്ന കർഷകർക്ക് ആശ്വാസമായി യുവാവിന്റെ കണ്ടുപിടിത്തം. കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കൂത്തുപറമ്പിനടുത്ത കൈതേരി തേമ്പിളിയിലെ വളയങ്ങാടൻ ഷാജി. വന്യമൃഗശല്യം തടയാൻ കർഷകർ സാധാരണ പ്രയോഗിക്കുന്ന പൊടികൈയ്യൊന്നുമല്ല ഷാജിയുടേത്.
കൃഷിയിടത്തിനു ചുറ്റും നൈലോൺ കയറും ഫൈബർ റീപ്പറും ഉപയോഗിച്ചുള്ള വേലിയും പന്ത്രണ്ട് വോൾട്ടിന്റെ മോട്ടോറും സൗണ്ട് സിസ്റ്റവും എൽഇഡി ലൈറ്റുകളും ഉപയോഗിച്ചുള്ള സംവിധാനമാണ് മൂന്നു വർഷത്തെ പരിശ്രമത്തിലൂടെ ഷാജി ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. വന്യമൃഗങ്ങൾ വേലിയിൽ തട്ടിയാൽ ഒട്ടോമാറ്റിക്കായി ഓണാവുന്ന സൗണ്ട് സിസ്റ്റവും ലൈറ്റുകളും ഒരു മണിക്കൂർ പ്രവർത്തിച്ച് ഓട്ടോമാറ്റിക്കായി തന്നെ ഓഫാകുന്നതാണ് ഇതിന്റെ പ്രവർത്തന രീതി.
കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗം കൃഷിയിടത്തിനും ചുറ്റും കെട്ടിയിരിക്കുന്ന വേലിയിൽ സ്പർശിക്കുമ്പോൾ സൗണ്ട് ബോക്സിൽ നിന്നും അത്യുച്ഛത്തിൽ നേരത്തെ ക്രമീകരിച്ചു വെച്ചിരിക്കുന്ന ശബ്ദം പുറത്തേക്ക് വരികയും ഒപ്പം എൽഇഡി ബൾബുകൾ പ്രകാശിക്കുകയും ചെയ്യും. ഈ ശബ്ദത്തിൽ മൃഗങ്ങൾ പേടിച്ച് ഓടിപ്പോവുകയും ചെയ്യും. കാട്ടുപന്നി, കുറുക്കൻ, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയ ജീവികളെ തുരത്തുന്നതിൽ ഈ സംവിധാനം നൂറ് ശതമാനം വിജയമാണെന്ന് ഷാജി പറയുന്നു.
കാട്ടാനയാണ് കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നതെങ്കിൽ ഇതിന്റെ പ്രവർത്തനത്തിനും പ്രത്യേകതയുണ്ട്. കുറച്ചു ഉയരത്തിലായി കെട്ടിയ നൂൽ പൊട്ടുന്നതോടെ ഈ സംവിധാനത്തിൽ ഘടിപ്പിച്ച പടക്കം പൊട്ടുകയാണ് ചെയ്യുക. ഇതിന്റെ ശബ്ദത്തിൽ കാട്ടാന ഭയന്ന് ഓടിപ്പോവുകയും ചെയ്യും. പടക്കം പൊട്ടി കൃഷിയിടത്തിൽ തീ പടരുന്നത് ഒഴിവാക്കാൻ പ്രത്യേകം തയാറാക്കിയ കുഴിയിലെ വെള്ളത്തിൽ ചെങ്കല്ല് വെച്ച് അതിനു മുകളിൽ സ്ഥാപിച്ച മരപ്പലകയിലാണ് പടക്കം വയ്ക്കുക.
വൈദ്യുതിക്ക് പുറമെ സോളാറിലും പ്രവർത്തിപ്പിക്കാവുന്ന ഈ സംവിധാനം ഒരേക്കർ കൃഷിയിടത്തിൽ അയ്യായിരം രൂപ ചെലവിൽ സ്ഥാപിക്കാനാവുമെന്ന് ഷാജി പറയുന്നു. ആവശ്യക്കാർക്ക് ഇത് സ്ഥാപിച്ചു നല്കാനും ഷാജി തയ്യാറാണ്. കെട്ടിട നിർമാണ കരാറുകാരനും കർഷകനുമായ ഷാജി നേരത്തെ കൊതുകുശല്യം തടയാനായി മൊസ്ക്കിറ്റോ ട്രാപ്പ് കണ്ടുപിടിച്ചും ശ്രദ്ധേയനായിരുന്നു.