കണ്ണൂർ: മനുഷ്യമുഖം ഇല്ലാത്ത പൈശാചികതയുടെ മുഖമുള്ള ക്രൂരനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ. അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം ജവഹർ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലോക്കൽ സെക്രട്ടറിയുടെ അന്തസുപോലും കാണിക്കാത്ത മുഖ്യമന്ത്രിയിൽനിന്ന് കേരളത്തിലെ ജനങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പ്രളയ ദുരന്തം ഉണ്ടായതിനു ശേഷം ലോകത്തിന്റെ നാനാഭാഗത്തുനിന്നും ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഒഴുകിയെത്തി.
എന്നാൽ ഇതിന് സുതാര്യമായ കണക്ക് ഇതുവരെയുണ്ടായിട്ടില്ല. വരവ് ചെലവ് കണക്ക് വിവരാവകാശപ്രകാരം ചോദിക്കുന്പോൾ മുഖ്യമന്ത്രി ഓഫീസ് ഇടപെട്ട് കൊടുക്കേണ്ട എന്നാണ് അറിയിക്കുന്നത്. പ്രളയ ദുരിതത്തിന് ശേഷം പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്നെ ഈ പണം സ്വരൂപിച്ച് വകമാറ്റി ചെലവാക്കുകയാണ്.
ഒരു മന്ത്രിയെ കൊല്ലാൻ പോയ പ്രതിക്കുപോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 15 ലക്ഷം രൂപ നൽകി. ഇത് പാർട്ടി ഫണ്ടല്ല. ദുരുപയോഗം ചെയ്യുകയാണ് സർക്കാർ. മത്സ്യത്തൊഴിലാളികളെ മാറിമാറി വരുന്ന സർക്കാർ അവഗണിക്കുകയാണ്. അവരുടെ ജീവിത പ്രയാസങ്ങൾ കാണാൻ ശാശ്വതമായ പരിഹാരത്തിന് ഇതുവരെയായി പൂർണമായി നടപടി കൈക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.ടി.നിഷാന്ത് അധ്യക്ഷത വഹിച്ചു. ടി. ദാമോദരൻ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, സുമാ ബാലകൃഷ്ണൻ, സജീവ് ജോസഫ്, കെ. സുരേന്ദ്രൻ, എ.ഡി. മുസ്തഫ, സോണി സെബാസ്റ്റ്യൻ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.