കണ്ണൂർ: നേതാക്കളുടെ നിരുത്തരവാദപരമായ പ്രവർത്തനം പാർട്ടി പ്രവർത്തനത്തെ നിർജീവമാക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജില്ലാ നേതൃക്യാന്പ് കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ പാർട്ടിക്കകത്ത് നടക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഉചിതമായ തീരുമാനമെടുക്കാൻ വൈകുന്നു.
മാധ്യമരംഗത്ത് നമുക്ക് ഒരുപാട് തിരിച്ചടി നേരിടുകയാണ്. കൊള്ളാവുന്ന നേതൃത്വം സംസ്ഥാന ജില്ലാ മണ്ഡലം തലത്തിൽ ഉയർന്നുവരണം. എങ്കിൽ മാത്രമേ അവിടെ പാർട്ടി ഉണ്ടാവുകയുള്ളൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി തൂത്തുവാരിയപ്പോൾ പഞ്ചാബ് നിലനിർത്താനായത് ആ സംസ്ഥാനത്തിന്റെ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ്. അഖിലേന്ത്യാ നേതൃത്വത്തിൽ പഞ്ചാബിൽ വലിയ റോളൊന്നുമുണ്ടായിട്ടില്ല. കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോകുന്ന സാഹചര്യം കേരളത്തിലില്ല. കണ്ണൂരിലെ പാർട്ടി പ്രവർത്തനത്തിന് തീ കെടാതെ സൂക്ഷിക്കണം.
അണഞ്ഞാൽ കത്തിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, പി.ടി. തോമസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. രാമകൃഷ്ണൻ, സുമാ ബാലകൃഷ്ണൻ, സജീവ് ജോസഫ്, നേതാക്കളായ കെ. സുരേന്ദ്രൻ, എം. നാരായണൻകുട്ടി, എ.ഡി. മുസ്തഫ്, മാർട്ടിൻ ജോർജ്, പി.വി. പുരുഷോത്തമൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.