കണ്ണൂർ: ശുഹൈബ് വധക്കേസിൽ പോലീസ് അറസ്റ്റു രേഖപ്പെടുത്തിയ രണ്ടുപേർ യഥാർഥ പ്രതികളാണോയെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ. രണ്ടുകാരണത്താലാണ് ഇപ്പോൾ ഹാജരായവർ ഡമ്മി പ്രതികളാണെന്ന് പാർട്ടി വിശ്വസിക്കുന്നതെന്ന് അദ്ദേഹം ഇന്നു രാവിലെ രാഷ്ട്രദീപികയോട് പറഞ്ഞു.
ശുഹൈബിനെ കൊലപ്പെടുത്തുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത് പ്രകാരം കുറ്റിമുടിയുള്ള രണ്ടുപേരാണ് മഴു പോലുള്ള ആയുധം ഉപയോഗിച്ച് ഇരുന്നും മറ്റും ശുഹൈബിനെ വെട്ടിയത്. അറസ്റ്റിലായവരുടെ മുടി ഇങ്ങനെയല്ല. കൂടാതെ സിപിഎം ക്രമിനലുകൾക്ക് വെട്ടി കൊലപ്പെടുത്താൻ ചില പ്രത്യേക രീതികളുണ്ട്.
ശുഹൈബിന്റെ ശരീരത്തിലേറ്റ മൂന്ന് വെട്ടുകൾക്ക് കൃത്യമായി ടി.പി.ചന്ദ്രശേഖരന്റെ വെട്ടുമായി സാമ്യമുണ്ട്. ഇത് പരിശോധിച്ചാൽ കിർമാണി മനോജാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സമയം ഇയാൾ ജയിലിന് പുറത്താണെന്നതും സംശയത്തിന് ബലം നൽകുന്നു. ജയിലിലെ സിപിഎം ക്രിമിനലുകൾ എല്ലാ നിയമവ്യവസ്ഥകളെയും കാറ്റിൽപ്പറത്തിയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുമാണ് ജയിലിൽ കഴിയുന്നത്. ഇത്രയും പരിചയമുള്ള ഒരു കില്ലർക്ക് മാത്രമേ ഈ രീതിയിൽ കൊലപ്പെടുത്താൻ കഴിയൂ.
ജില്ലാ പോലീസ് മേധാവി ഇപ്പോൾ അറസ്റ്റുചെയ്ത പ്രതികളെ ചോദ്യം ചെയ്തുവെന്ന സിപിഎം അനുഭാവികളായ പോലീസുകാരുടെ വാദം അസംബന്ധമാണ്. കഴിഞ്ഞദിവസം രാവിലെ ഏഴിനാണ് ഇവർ പോലീസിൽ കീഴടങ്ങിയെന്നാണ് സിപിഎം തന്നെ പറയുന്നത്.
എന്നാൽ, അന്ന് പുലർച്ചെ മൂന്നിന് പോലീസ് മേധാവി കണ്ണൂർ വിട്ടിരുന്നു. താൻ വന്ന് ഇവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നായിരുന്നു എസ്പിയുടെ നിർദേശം. എന്നാൽ, ഈ തീരുമാനം മറികടന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്ന. ജില്ലാ പോലീസ് മേധാവിയെ ഒറ്റപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് പോലീസിലെ സിപിഎം അനുഭാവികൾ ശ്രമിക്കുന്നത്. ഈ കേസിൽ ദുരൂഹതകൾ നീക്കാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഇക്കാര്യത്തിലുള്ള നടപടികൾ സംബന്ധിച്ച് ഇന്ന് പാർട്ടി തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകം നടന്ന ഏഴാം ദിവസം മുഖ്യമന്ത്രിയുടെ പ്രതികരണം ആത്മാർഥയുള്ളതല്ല. മാമൂൽ പ്രതികരണം മാത്രമാണത്. താനും അപലപിച്ചുവെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള വൃഥാ ശ്രമമാണ്. ആകാശ് തന്നെയാണ് ഈ കേസിലെ പ്രതിയെങ്കിൽ തില്ലങ്കേരിയിലുള്ള ആകാശിന് ശുഹൈബുമായി ഒരു വിരോധവുമില്ല. അപ്പോൾ കൊലപാതകത്തിൽ ഗുഢാലോചന നടന്നിട്ടുണ്ട്.
അത് പുറത്തുകൊണ്ടുവരണം. പ്രതികളെ അറസ്റ്റുചയ്തതിൽ സിപിഎമ്മിനകത്ത് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. പി.ജയരാജന്റെ ചിറകിന് കീഴിൽ കഴിയുന്നവരാണ് അറസ്റ്റിലായത്. ഇതോടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി.ജയരാജന് എന്തെങ്കിലും വിശ്വസ്യതയുണ്ടെങ്കിൽ അത് നഷ്ടപ്പെട്ടു. പാർട്ടി ഭരിക്കുന്പോൾ പോലീസിന്റെ സമ്മർദം കാരണമാണ് രണ്ടുപേർ കീഴടങ്ങിയതെന്നും ഇവർക്ക് പങ്കില്ലെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന പാർട്ടി നേതാവിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.