ഇ. അനീഷ്
കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ സസ്പപെന്‍സ് നിറച്ച് കെ.സുധാകരനും ഹൈക്കമാന്‍ഡും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ആര്‍ക്കും പട്ടികയെക്കുറിച്ച് ഒരു സൂചനയും ഇതുവരെ നല്‍കിയിട്ടില്ല.
അതേസമയം സുധാകരന്റെ തട്ടകമായ മലബാറില്‍ എംപിമാരെ ഉള്‍പ്പെടെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പട്ടികയാണ് കൈമാറിയതെന്നറിയുന്നു.
ഗ്രൂപ്പ് നേതാക്കളെ ‘വെട്ടി’
കെ.മുരളീധരന്, എം.കെ.രാഘവന്, രാജ് മോഹന്‍ ഉണ്ണിത്താന് എന്നിവരുടെ വാക്കുകള്‍ക്ക് നല്ല രീതിയില്‍ തന്നെ പ്രധാന്യം നല്കിയ സുധാകരന്സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കളെ ‘പാടെ’ വെട്ടിയിരിക്കുകയാണ്. അടുപ്പക്കാരാരുമായും പട്ടികയെക്കുറിച്ച് കെപിസിസി പ്രസിഡന്റ് സൂചന നല്‍കിയിട്ടില്ല.
പട്ടിക പുറത്തുവന്നതിനുശേഷം പ്രതിഷേധം ഉറപ്പാണെങ്കിലും അതെല്ലാം പരിഹരിക്കുന്നതിനുള്ള ഫോര്‍മുലയും കെ.സുധാകരനും വി.ഡി.സതീശനും ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലയിലെ തര്‍ക്കവും എതാണ്ട് പരിഹരിച്ചുകഴിഞ്ഞു.
പാർട്ടിശത്രുക്കൾ
അതേസമയംഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തിനുമുമ്പ് തുടങ്ങിയ സൈബര്‍ പോരും പോസ്റ്റര്‍ യുദ്ധവും ഇന്നലെയും തുടര്‍ന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
ഇത്തരം പോസ്റ്ററുകള്‍ക്ക് പിന്നില്‍ പാര്‍ട്ടി ശത്രുക്കളാണെന്നും കടുത്ത നടപടിവരുമെന്നും സുധാകരന് മുന്നറിയിപ്പ് നല്കി കഴിഞ്ഞു. പാര്‍ട്ടി പ്രഖ്യാപനം വന്നശേഷം കടുത്ത അച്ചടക്ക നടപടിയെന്നതാണ് തീരുമാനം.
അനാവശ്യ വിമർശനം
അതേസമയം രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ പക്ഷക്കാരെന്ന പേരില്‍ പലരും അനാവശ്യമായി വിമര്‍ശനവുമായി എത്തിയിട്ടുണ്ടെന്നും ഇത് കാര്യമാക്കേണ്ടെന്നും സുധാകരന് പറയുന്നു.
മാത്രമല്ല ഡിസിസി പട്ടിക വന്നശേഷം തുടര്‍ പ്രവര്‍ത്തനങ്ങളും ജനകീയ യാത്രകളും സംഘടിപ്പിച്ച് എല്ലാ ജില്ലാകമ്മിറ്റികളെയും ഉണര്‍ത്താനും നേതൃത്വം പദ്ധതിയിടുന്നുണ്ട്.