സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിനു പിന്നാലെ, മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്.
കോൺഗ്രസിനു മുകളിൽ ആരും പറക്കില്ലെന്നും ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂയെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള എ, ഗ്രൂപ്പുകൾ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരേ രംഗത്തെത്തിയതിനു പിന്നാലെയാണ് സുധാകരന്റെ വിമർശനം.
“കേരളത്തിന്റെ തെരുവുകളിലേക്കു നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാകില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.
ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും.
എല്ലാം ഞാന്‍ ആണെന്ന തോന്നലും! കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവച്ച തിരിച്ചടി`- കെ സുധാകരന് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
കോണ്‍ഗ്രസില്‍നിന്ന് അടുത്തിടെ പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ യുഡിഎഫ് വിജയിച്ചത്. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചിരുന്നു.