കണ്ണൂർ: സാന്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യാനുള്ള നടപടികൾ വിജിലൻസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി സുധാകരന് നോട്ടീസ് നൽകുമെന്നാണു സൂചന.
2021ൽ കോൺഗ്രസ് കൗൺസിലറും സുധാകരന്റെ ഡ്രൈവറുമായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് നടപടി.
അതേസമയം, പരാതിക്കാരനായ പ്രശാന്ത് ബാബുവിനെ മൊഴി നൽകാൻ വിജിലൻസ് ഇന്നു കോഴിക്കോടേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ശനിയാഴ്ച വന്നാൽ മതിയെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെയാണ് മെഴിയെടുക്കൽ മാറ്റിയ വിവരം പ്രശാന്ത് ബാബുവിനെ അറിയിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലും തലശേരിയിലും അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിന്റെ അവസാന ഘട്ടമെന്ന നിലയിലാണ് സുധാകരന്റെ ഭാര്യ സ്മിതയുടെ വരുമാന വിവരങ്ങൾ വിജിലൻസ് തേടിയത്.
ഭാര്യ ജോലി ചെയ്തിരുന്ന കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിലെ മുഖ്യാധ്യാപകന് വിജിലൻസ് കഴിഞ്ഞ 15ന് നോട്ടീസ് നൽകിയിരുന്നു.
അധ്യാപികയായിരുന്ന സ്മിതയ്ക്കു 2001 ജനുവരി ഒന്നു മുതൽ ലഭിച്ച ശന്പളം, ഡിഎ കുടിശിക, ലീവ് സറണ്ടർ, പിഎഫ് ആനുകൂല്യം തുടങ്ങിയവയുടെ വിശദാംശങ്ങൾ നൽകണമെന്നാണ് കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്പി അബ്ദുൾ റസാഖ് നൽകിയ നോട്ടീസിലെ നിർദേശം.
കാടാച്ചിറ സ്കൂളിൽ നിന്ന് 2018 മേയിലാണ് സ്മിത വിരമിച്ചത്.സുധാകരന്റെ നേതൃത്വത്തിലുള്ള കെ. കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ പേരിൽ കണ്ണൂർ ചിറക്കൽ രാജാസ് ഹൈസ്കൂളും 7.5 ഏക്കറും വാങ്ങി വിദ്യാഭ്യാസ ഹബ് തുടങ്ങാൻ 32 കോടിയോളം രൂപ വിദേശത്തുനിന്നടക്കം പിരിച്ചുവെന്നും പദ്ധതി നടപ്പായില്ലെന്നും ആർക്കും പണം തിരിച്ചുനൽകിയില്ലെന്നുമാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം.
കണ്ണൂർ ഡിസിസി ഓഫീസിനു വേണ്ടി പിരിച്ച കോടികൾ വകമാറ്റിയെന്നും സുധാകരന് കണ്ണൂർ എടക്കാട് ആറു കോടി രൂപയുടെ പതിനായിരം ചതുരശ്ര അടി വീട്, ഡൽഹി, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ ബിനാമി പേരിൽ കോടികളുടെ ബിനാമി ബിസിനസ്, ആഡംബര കാറുകൾ എന്നിവയുണ്ടെന്നും പരാതിയിൽ പറയുന്നു.16 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നും ആരോപണമുണ്ട്.
വീടിനെക്കുറിച്ചുള്ള വിവരങ്ങൾ ശരിയാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കെ. സുധാകരനെ ചോദ്യം ചെയ്യുന്നത്.