കോഴിക്കോട്: ചേവായൂര്‍ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമതര്‍ക്കെതിരേ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ഭീഷണി. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. അതിനാല്‍ തടി വേണോ ജീവന് വേണോ എന്നോര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേവായൂരില്‍ നടന്ന യോഗത്തിലാണ് സുധാകരന് ഇക്കാര്യം പറഞ്ഞത്. ബാങ്കിനെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുന്നു.
അവര്‍ പണംവാങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കും സിപിഎം പ്രവര്‍ത്തകര്‍ക്കും ജോലി നല്കുന്നു. ‘തങ്ങളെ ഒറ്റുകൊടുത്ത് സിപിഎമ്മിന് ഈ ബാങ്ക് പതിച്ചുകൊടുക്കാന്‍ കരാര്‍ എടുത്തവരുണ്ടല്ലൊ അവരൊന്നോര്ത്തോളു എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്തുതന്നെ ജീവിക്കാന്‍ അനുവദിക്കില്ല’- അദ്ദേഹം പറഞ്ഞു.
എവിടെ നിന്നാണ് ശൂലം വരിക എന്ന് ഇപ്പോള്‍ പറയുന്നില്ല. എവിടുന്നും വരാം. തങ്ങളുടെ പ്രവര്ത്തകന്മാരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിയുണ്ടാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കണം അടിക്കേണ്ടിടത്ത് അടിക്കണം. അക്രമണം നടക്കുമ്പോള്‍ ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
നവംബര്‍ 16ന് ആണ് ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്. അന്നേ ദിവസം താന്‍ പ്രദേശത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.