കണ്ണൂർ: തോമസ് ചാണ്ടിക്കു മന്ത്രി സ്ഥാനം തിരിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കിയ പിണറായി വിജയനും സിപിഎമ്മും ഇ.പി.ജയരാജനോടു കാണിച്ചതു മര്യാദകേടാണെന്നു കെ. സുധാകരൻ. ഇ.പി. ജയരാജൻ അത്ര വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല. കുടുംബത്തിൽ ഒരാൾക്കു ജോലി കൊടുക്കുന്നതു അത്രയും വലിയ തെറ്റൊന്നുമല്ല. ഇത്രയും വർഷം ചോരയും നീരും അധ്വാനവും നൽകി പാർട്ടിക്കും പിണറായിക്കും വേണ്ടി പ്രവർത്തിച്ച ജയരാജനോടു തെറ്റാണ്.
മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്താണ് തോമസ് ചാണ്ടി കുറ്റവിമുക്തനായ തിരിച്ചുവരാമെന്ന കരാറുണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കിളിരൂർ സംഭവം നടന്നത് തോമസ് ചാണ്ടിയുടെ റിസോർട്ടിൽ വച്ചാണെന്നായിരുന്നു വാർത്ത.
ഇതു ചൂണ്ടിക്കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് തോമസ് ചാണ്ടി രാജിക്കത്ത് നൽകിയത്. പിണറായി വിജയന് ഇരട്ടച്ചങ്ക് പോയിട്ട് ഓട്ടച്ചങ്ക് പോലുമില്ല. ഒന്നര വർഷത്തെ വികസനം വട്ടപൂജ്യമാണ്. ഫാസിസത്തിന്റെ ഇരുന്പു മറയ്ക്കകത്ത് സ്വപ്നം കണ്ടു ജീവിക്കുന്ന മുഖ്യമന്ത്രിയാണു കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, എൻ. പ്രദീപ് കുമാർ, കെ. ഗണേശൻ, എം. ബാബു, എസ്. അജയൻ, അമൃത രാമകൃഷ്ണൻ, ജോഷി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.