സ്വന്തം ലേഖകൻ
തലശേരി: തലശേരി കോൺഗ്രസിൽ സുധാകര ഗ്രൂപ്പില്‍ പൊട്ടിത്തെറി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ച സുധാകരന് തങ്ങളെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും അദ്ദേഹത്തെ വേണ്ടെന്ന് വനിതാ ഡിസിസി സെക്രട്ടറി. വനിത നേതാവ് നേതൃത്വം നല്കുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംഭവ ദിവസം ഉദ്ഘാടകനായ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് പിന്മാറിയതോടെയാണ് സുധാകര ഗ്രൂപ്പില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടായിട്ടുള്ളത്.
ആറിനാണ് വനിതാ നേതാവ് നേതൃത്വം നല്‍കിയിരുന്ന സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. നാലുതവണ വിവിധ കാരണങ്ങള്‍ പറഞ്ഞ് തീയതി മാറ്റിയ ശേഷമാണ് ഒടുവില്‍ ആറിന് കെ.സുധാകരന് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നടത്താമെന്നേറ്റത്. ക്ഷണക്കത്ത് അടിക്കുകയും അത് സുധാകരന് നേരിട്ട് നല്‍കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് ഉദ്ഘാടന ദിവസം രാവിലെ താന്‍ പങ്കെടുക്കില്ലെന്ന് കെ. സുധാകരന് പറഞ്ഞതെന്ന് വനിത നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
ഒരു കെപിസിസി മെമ്പറേയും ഡിസിസി സെക്രട്ടറിയേയും പ്രീതിപ്പെടുത്താനാണ് തന്റെ പരിപാടിയില്‍ നിന്നും സുധാകരന് വിട്ടു നിന്നതെന്നും താനുള്‍പ്പെടെയുള്ള തലശേരിയിലെ നിരവധി പ്രവര്‍ത്തകര്‍ ഹൃദയത്തില്‍ കൊണ്ടു നടന്ന സുധാകരന് തങ്ങളെ വേണ്ടെങ്കില്‍ തങ്ങള്‍ക്കും സുധാകരനെ വേണ്ടെന്നും വനിത നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
തലശേരിയിലെ ട്രസ്റ്റ് മാത്രം മതിയെങ്കില്‍ പിന്നെ പാര്‍ട്ടി എന്തിനാണ്. സുധാകരന് തീര്‍ത്തും ഏക പക്ഷീയമായിട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഡിസിസി സെക്രട്ടറിയും കെപിസിസി മെമ്പറും എതിര്‍ക്കുന്നത് കൊണ്ടാണ് വരാത്തതെന്നാണ് സുധാകരന് പറഞ്ഞത്. സുധാകര ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് 31 ഭാരവാഹികള്‍ മുമ്പ് രാജിവെച്ചത്. എന്നാല്‍ നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.
സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് വരാന്‍ കഴിയില്ലെങ്കില്‍ സുധാകരന് അത് നേരത്തെ തന്നെ വ്യക്തമാക്കാമായിരുന്നു. അവസാന നിമിഷം പിന്മാറിയതു കൊണ്ട് തനിക്കോ കൂടെ നില്‍ക്കുന്നവര്‍ക്കോ ഒന്നും സംഭവിച്ചിട്ടില്ല. പരിപാടി കൂടുതല്‍ ഉഷാറായി തന്നെ നടന്നു. ഉദ്ഘാടനത്തിന് എത്തിയ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇനി സുധാകരനൊപ്പമില്ലായെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കഴിഞ്ഞു.
എന്നാല്‍ കോൺഗ്രസ് പാര്‍ട്ടി വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറ്റ് സാധ്യതകള്‍ ആരായുമെന്നും വനിത നേതാവ് വ്യക്തമാക്കി. നേരത്തെ തലശേരിയിൽ സുധാകര ഗ്രൂപ്പില്‍ വലിയ പൊട്ടിത്തെറി ഉണ്ടാകുകയും 31 നേതാക്കള്‍ രാജിവയ്ക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ വീണ്ടും ഗ്രൂപ്പിലെ ചേരി പോര് രൂക്ഷമായിരിക്കുകയായിരുന്നു. നാളെ കണ്ണൂരിലെത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാൻ ഒരു വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ്പോര് മുതലെടുത്ത് പ്രവര്‍ത്തകരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികളിലെ പ്രമുഖ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.