കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. തനിക്ക് പകരം കെ. ജയന്തിനെ മത്സരിപ്പിക്കണമെന്ന നിർദേശവും സുധാകരൻ നേതൃത്വത്തെ അറിയിച്ചതായാണു വിവരം. വി.പി. അബ്ദുൾ റഷീദിന്റെ പേരും പട്ടികയിലുണ്ട്.
നേരത്തെയും മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വവും പ്രവർത്തകരും സമ്മർദം ചെലുത്തിയതിനെ തുടർന്ന് സുധാകരൻ പിന്നീടു നിലപാട് മയപ്പെടുത്തി. എന്നാൽ, മത്സരിക്കാൻ താനില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും നേതൃത്വത്തെ അറിയിച്ചെന്നാണ് അറിയുന്നത്.
സുധാകരൻ മത്സരിക്കുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം താത്കാലികമെയങ്കിലും മറ്റൊരാൾക്ക് നൽകേണ്ടി വരും. കെപിസിസി പ്രസിഡന്റായി തുടരാനാണ് സുധാകരൻ ആഗ്രഹിക്കുന്നതെന്നതിനാലാണ് മത്സരരംഗം വിടുന്നതെന്നും പറയപ്പെടുന്നു.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മണ്ഡലത്തിലും എത്തേണ്ടതിനാലും തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാലുമാണ് മത്സരരംഗത്തുനിന്ന് വിട്ടു നിൽക്കുന്നതെന്നാണ് സുധാകരന്റെ വിശദീകരണമെന്ന് അറിയുന്നു.