കണ്ണൂര്‍: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാൻ പാർട്ടി തീരുമാനിച്ചതുപോലെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എംപി.
വി.ഡി. സതീശന് കരുത്തനാണ്. കാര്യങ്ങൾ പഠിച്ചു കൈകാര്യം ചെയ്യുന്ന വ്യക്തിയുമാണ്. ആരുടെയും നോമിനിയായല്ല സതീശന് പ്രതിപക്ഷ നേതാവായത്.
ഗ്രൂപ്പിനതീതമായാണ് അദ്ദേഹത്തെ തെരഞ്ഞടുത്തത്. കോണ്‍ഗ്രസില്‍ ജനാധിപത്യം നിലച്ചുപോയിട്ടില്ലെന്നതിന് തെളിവാണിത്.
പുതുതലമുറ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ഹൈക്കമാൻഡ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. ഇതൊരു നല്ല തുടക്കമാണ്.
ഗ്രൂപ്പിനതീതമായി കഴിവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അവരെ ഓരോരോ ഘടകങ്ങള്‍ ഏല്‍പ്പിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതുകൊണ്ട് ചെന്നിത്തലയുടെ കഴിവിനെ ഒരു ശതമാനം പോലും കുറച്ചുകാണുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാന്‍ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കെപിസിസിയിലും തലമുറ മാറ്റത്തിന് നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
കെപിസിസി പ്രസിഡന്റുസ്ഥാനത്ത് എന്നെ പരിഗണിക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആരും എന്നോട് സംസാരിച്ചിട്ടില്ല.
പാർട്ടി ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
തന്നെക്കാൾ വളരാൻ ആരെയും അനുവദിക്കില്ലെന്ന പിണറായി വിജയന്റെ സ്വഭാവസവിശേഷതയാണ് കെ.കെ. ശൈലജയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ കാരണം.
നേരത്തെ വി.എസ്. അച്യുതാനന്ദനെയും പി. ജയരാജനെയും ഇതേരീതിയിൽ വെട്ടിനിരത്തിയിട്ടുണ്ട്.
രണ്ടാമതും മന്ത്രിസ്ഥാനത്തേക്ക് ആരെയും പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി മാതൃക കാട്ടുകയായിരുന്നു പിണറായി ചെയ്യേണ്ടിയിരുന്നത്. -സുധാകരൻ പറഞ്ഞു.