കണ്ണൂർ: ഒന്നും ചെയ്യാൻ സാധിക്കാത്ത ദുർബലനും ധിക്കാരിയുമായ മുഖ്യമന്ത്രിയാണ് കേരള ഭരിക്കുന്നതെന്ന് കെപിസിസി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരൻ. ക്ഷേമപെൻഷനുകളുടെ പുതുക്കിയ മാനദണ്ഡം ഉപേക്ഷിക്കുക, അർഹരായ മുഴുവൻ പേർക്കും ക്ഷേമപെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സമാഹരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാൻ ഈ സർക്കാരിനായിട്ടില്ല. നൂറുകണക്കിനാളുകൾ വിവരാവകാശ നിയമപ്രകാരം സർക്കാരിനോട് ചോദിക്കുകയാണ് ഈ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കുന്നത്, ആർക്കെല്ലാം കൊടുത്തുവെന്ന്. എന്നാൽ ഒറ്റ ചോദ്യത്തിനും ഉത്തരം നൽകേണ്ടതെന്നാണ് സർക്കാർ നൽകിയ നിർദേശം.
ഇതിനു ചുവട് പിടിച്ചുതന്നെയാണ് കണ്ണൂർ കോർപറേഷന്റെ ഭരണവും നടക്കുന്നത്. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. വികസനമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് കഴിഞ്ഞ മൂന്നു വർഷത്തെ കോർപറേഷന്റെ ബാലൻസ് ഷീറ്റ് വട്ടപൂജ്യമാണ്. യുഡിഎഫ് ഉണ്ടാക്കിയ വികസനപദ്ധതികൾ കോർപറേഷൻ മേയറും കൂട്ടരും നോക്കണം. പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് മരയ്ക്കാർകണ്ടിയിൽ നിർമിച്ച 54 ഫ്ലാറ്റുകളിൽ 40 എണ്ണത്തിലും ഉപഭോക്താക്കളെ കണ്ടെത്തിയ ശേഷമാണ് യുഡിഎഫിന് ഭരണം നഷ്ടമാകുന്നത്.
എന്നാൽ അതിനുശേഷം വന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ബാക്കിയുള്ള ഉപഭോക്താക്കളെ പോലും കണ്ടെത്താൻ സാധിച്ചില്ല എന്നുവന്നാൽ പേന താഴെ വച്ച് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണ് നല്ലത്.കോർപറേഷനിൽ വികസനങ്ങൾ നടക്കുന്നില്ല എന്നുപറഞ്ഞ് ഭരണകക്ഷി അംഗം പോലും യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയാണ്.
ഈ ഭരണകക്ഷി അംഗത്തിന്റെ വികാരമെങ്കിലും കോർപറേഷൻ മാനിക്കണം. ഈ കോർപറേഷനിൽ ആകെ നടക്കുന്നത് കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതി മാത്രമാണ്. അതല്ലാതെ സംസ്ഥാന സർക്കാരിനെ പോലെ പ്രഖ്യാപനങ്ങല്ലാതെ യാതൊന്നും കോർപറേഷനിൽ നടക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ, സുമ ബാലകൃഷ്ണൻ, എ.ഡി. മുസ്തഫ, കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.