കണ്ണൂർ: ശബരിയിൽ സിപിഎമ്മും ഇടതുസർക്കാരും പോലീസ് രാജ് നടപ്പിലാക്കുകയാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിനോട് കൂറുപുലർത്തുന്ന പോലീസുകാരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പോലീസുകാർക്ക് പാർട്ടി സ്വകാര്യമായ നിർദേശങ്ങൾ നൽകി. ഇതിന്റെ ഭാഗമായിട്ടുള്ള യോഗമാണ് കണ്ണൂർ കിഴുന്നയിൽ നടന്നത്. തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രവർത്തകരായ പോലീസുകാരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇതിനെകുറിച്ച് മറുപടി നൽകുവാൻ എസ്പിയും ഡിജിപിയും തയാറാകണം. ശബരിമലയിൽ അനുവർത്തിക്കേണ്ട നയത്തെകുറിച്ചുള്ള പാർട്ടിനിർദേശങ്ങൾ ചർച്ച ചെയ്യാനാണ് കണ്ണൂരിൽ പോലീസ് യോഗം വിളിച്ചുചേർത്തത്.
ഇതിനിടെ ഓഡിറ്റോറിയം തകർന്നുവീണതുകൊണ്ട് മാത്രമാണ് പുറംലോകം അറിഞ്ഞത്.
ആദിവാസികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രവർത്തകർ ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
രണ്ടും കൽപ്പിച്ചുള്ള പുറപ്പാടാണ് സിപിഎമ്മും ഇടതുപക്ഷവും നടത്തുന്നത്. ദേവസ്വം ബോർഡിന്റെ കൈയിൽനിന്നും ഭരണം വഴുതിപോയിരിക്കയാണ്.
ഭക്തജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകാൻ കഴിയാത്ത ദേവസ്വമന്ത്രിയും ദേവസ്വം പ്രസിഡന്റും സ്ഥാനമാനങ്ങൾ രാജിവച്ച് ഒഴിയണം. അവിശ്വാസികളുടെ കൈയിൽനിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.