കോഴിക്കോട്: കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടത്തിൽ രാജ്യത്തെ ഒരു സിപിഎം ഓഫിസ് പോലും അക്രമിക്കാൻ സംഘ്പരിവാറിനോ മറ്റേതെങ്കിലും സംഘടനകൾക്കോ ധൈര്യമില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരൻ. ഡൽഹിയിൽ സിപി എമ്മിന് എല്ലാ പ്രവർത്തന സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
ആരാണ് യഥാർത്ഥ ശത്രുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർതിരിച്ചറിഞ്ഞിരിക്കുന്നു. ആ പൊതുശത്രുവിനെ നേരിടാൻ കോണ്‍ഗ്രസിനൊപ്പം നിൽക്കാൻ കേരളത്തിലെ സിപിഎം നേതാക്കൾ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുൻ മന്ത്രി എ.സുജനപാലിന്റെ ആറാം ചരമദിനത്തോടനുബന്ധിച്ച് ഡിസിസി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് അധ്യക്ഷനായിരുന്നു. സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് യു.കെ. കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. ചിത്ര രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനം ജയശ്രീ സുജനപാൽ നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബു, സെക്രട്ടറി കെ.പ്രവീണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.