കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കഴിഞ്ഞതവണ കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞുനിര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ കെ. സുന്ദര “ഓപ്പറേഷന് താമര’യില്‍ കുരുങ്ങുന്നു.
താന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായും മഞ്ചേശ്വരത്ത് ഇത്തവണ ബിഎസ്പിയുടെ ബാനറില്‍ നല്കിയ പത്രിക ഇന്ന് പിന്‍വലിക്കുമെന്നും സുന്ദര മാധ്യമങ്ങളെ അറിയിച്ചു.
അതേസമയം തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ബിഎസ്പി ജില്ലാ നേതാക്കളും രംഗത്തെത്തി.
ശനിയാഴ്ച വൈകിട്ട് നാലുമണിക്കുശേഷം സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സ്ഥാനാര്‍ഥിക്ക് ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നു നേരത്തേ ഭീഷണി ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു
. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിഎസ്പി നേതാക്കള്‍ ഞായറാഴ്ച ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സുന്ദരയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയോടെ പരാതി പിന്‍വലിച്ചു.
ഇന്ന് സുന്ദര പത്രിക പിന്‍വലിക്കാനെത്തുമ്പോള്‍ കൂടുതല്‍ നാടകങ്ങള്‍ ഉണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുന്ദര 467 വോട്ടുകളാണ് നേടിയത്.
കേവലം 89 വോട്ടുകള്‍ക്കാണ് കെ. സുരേന്ദ്രന് ലീഗിലെ പി.ബി. അബ്ദുല്‍റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുന്ദര ബിഎസ്പി ടിക്കറ്റില്‍ രംഗത്തിറങ്ങിയതോടെ അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ അക്ഷരമാലാക്രമം വച്ചുനോക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ സുരേന്ദ്രന്റെ പേരിന് മുകളില്‍ സുന്ദരയുടെ പേര് സ്ഥാനംപിടിക്കുന്ന നിലയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും അപകടകാരിയായ അപരനെന്ന വിശേഷണമാണ് ബിജെപി നേതാക്കള്‍ സുന്ദരയ്ക്ക് നല്‍കിയിരുന്നത്.തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കള്‍ വന്നു കണ്ടിരുന്നെന്നും സുന്ദര മാധ്യമങ്ങളെ അറിയിച്ചു.
അവരുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സമ്മര്‍ദങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഫോണ്‍ ഓഫ് ചെയ്തത്. സുന്ദര ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം ബിജെപി മീഡിയയുടെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിലൂടെയും പുറത്തുവിട്ടിട്ടുണ്ട്.
അപരന്റെ ചുവടുമാറ്റത്തിനു പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരിക്കാമെന്നാണ് സൂചന.