മഞ്ചേശ്വരത്തെ ‘വയ്യാവേലിയെ’ വലവീശിപ്പിടിച്ച് ബിജെപി ! കെ സുന്ദര മത്സരരംഗത്തു നിന്നു പിന്മാറുന്നു; ബിജെപിയില്‍ ചേരും…

കഴിഞ്ഞ തവണ കെ. സുരേന്ദ്രനെ നിയമസഭയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞ സ്വതന്ത്ര സ്ഥാനാര്‍ഥി കെ സുന്ദര ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയ്ക്കു ഭീഷണിയാകില്ല.

ഇക്കുറി ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കെ സുന്ദര മല്‍സരരംഗത്തു നിന്നും മാറുന്നുവെന്നാണ് സൂചന. ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വലിയ ആശ്വാസമാണ് സുന്ദരയുടെ നിലപാട്.

മഞ്ചേശ്വരത്തു ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര ഇന്നു പത്രിക പിന്‍വലിക്കും. ഇത്തവണ ബിജെപിക്കു പിന്തുണ നല്‍കുമെന്നും സുന്ദര പറഞ്ഞു.

സുന്ദരയോടൊപ്പം ബിജെപി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബിജെപി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെ അപരനായി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഇന്ന് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണയും സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് ഭീഷണിയായിരുന്നു.

അതിനിടെ, തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ബിഎസ്പി നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച വൈകിട്ടു നാലിനു ശേഷം കെ.സുന്ദരയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സുന്ദരയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ബിഎസ്പി ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.

സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും രാത്രിയോടെ പിന്‍വലിച്ചു.എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണു പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കെ സുന്ദര പ്രതികരിച്ചത്.

ശനിയാഴ്ച വൈകിട്ട് ബിജെപി നേതാക്കള്‍ കണ്ടെന്നും അവര്‍ പറഞ്ഞതിനാല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്നും സുന്ദര പറഞ്ഞു. സുന്ദരയുടെ പിന്മാറ്റം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Related posts

Leave a Comment