കണ്ണൂർ: കണ്ണൂരിൽ ഡിവൈഎസ്പിമാരെ സോഷ്യൽമീഡയയിലൂടെയും പ്രസംഗത്തിലൂടെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരേ കേസെടുത്തു. കേരള പോലീസ് ആക്ട് 117 ഇ വകുപ്പ് പ്രകാരവും 120 ഒ വകുപ്പ് പ്രകാരവുമാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം നടത്തുന്നവരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണത്തിൽനിന്ന് പിന്തിരിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് വകുപ്പുകൾ.
കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പടുവിലായി മോഹനൻ വധക്കേസ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, തലശേരി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചിരുന്നത്. സംഭവത്തിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സുബീഷിനെ ഇവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. സുബിഷിനെ ചോദ്യം ചെയ്തപ്പോൾ ഫസൽ വധക്കേസിൽ സുബീഷ് പങ്കെടുത്തതായി മൊഴി നൽകിയിരുന്നു. ഇതിന്റെ മൊഴിയുടെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരേ കെ. സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒൻപതിന് ഡിവൈഎസ്പിമാർക്കെതിരേ ഭീഷണിയുടെ സ്വരത്തിലുള്ള സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
” സദാനന്ദനും പ്രിൻസും ചെയ്തതു ശരിയാണോ, അവരെ ഫസൽവധക്കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടോ, പ്രതികളെ രക്ഷിക്കാൻ സിഡി നാടകം ഉണ്ടാക്കുകയാണോ, എടോ സദാനന്ദാ, പ്രിൻസേ നിങ്ങൾ പാർട്ടിക്കാരണെങ്കിൽ രാജിവച്ച് ആ പണിയെടുക്കുക, നിങ്ങളുടെ സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളും സാധാരണ പൗരന്മാരാണ്. മൈൻഡ് ഇറ്റ് ‘ എന്നായിരുന്നു കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യംവച്ച് വ്യാജ സാക്ഷികൾ പറയുന്ന മൊഴികൾ മാത്രം വിശ്വസിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റേതെന്നും കെ. സുരേന്ദ്രൻ പ്രസംഗത്തിൽ ആരോപിച്ചിരുന്നു.
ആർഎസ്എസ് പ്രവർത്തകൻ സുശീൽകുമാറിന് കണ്ണൂർ തളാപ്പിൽവച്ച് വെട്ടേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിലും ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രൻ സംസാരിച്ചിരുന്നു. ഡിവൈഎസ്പി പി.പി. സദാനന്ദനെതിരേ ആറുമാസം മുന്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകനായ സുബീഷിനെയും കൊണ്ട് പത്രസമ്മേളനം നടത്തിയ തലശേരി ബാറിലെ അഭിഭാഷകൻ അഡ്വ. പ്രേമരാജനെതിരേ പോലീസ് നടപടിയെടുക്കാൻ സാധ്യതയുണ്ട്.