തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനായി ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈക്കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രന് പ്രസ്താവനയിൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ മുഖേനയാണ് നടത്തുന്നത്.
വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.