കാസർഗോഡ്: ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷം നേതാക്കൾ.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട കനത്ത പരാജയത്തിൽ നിയോജകമണ്ഡലം, ജില്ലാ, സംസ്ഥാനതലത്തിൽ സമഗ്രമായ ചർച്ച നടത്തണമെന്നും പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു സുരേന്ദ്രൻ രാജിവയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപിയുടെ വളർച്ച മുരടിച്ച അവസ്ഥയാണിന്ന്. ഇതിന് മാറ്റം വരണമെങ്കിൽ നേതൃമാറ്റം അനിവാര്യമാണ്. ജനവിശ്വാസം ആർജിക്കാനുള്ള നേതൃത്വമാണു വേണ്ടത്. പുനഃസംഘടനയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല.
ബിജെപിയും മഹിളാമോർച്ചയും യുവമോർച്ചയും പ്രഖ്യാപിച്ച സമരങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് 50,000 പരിപാടികൾ നിശ്ചയിച്ചിട്ടും ഒരു മണ്ഡലത്തിൽ രണ്ടു പരിപാടിപോലും വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തത് നേതൃത്വത്തോടുള്ള പ്രവർത്തകരുടെ രോഷമാണ് കാണിക്കുന്നത്.
ഇതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയാൽ സംഘടനയ്ക്ക് കേരളത്തിൽ ഭാവിയുണ്ടാകില്ല. അതുകൊണ്ട് നേതൃമാറ്റമില്ലാതെ ഒത്തുതീർപ്പിനില്ലെന്നും ഇവർ നിലപാടെടുത്തു.