കെ. ഷിന്റുലാൽ
കോഴിക്കോട്: പ്രതിസന്ധിക്കിടയില്‍ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പാര്‍ട്ടിയെ നയിക്കാനെത്തിയ കെ.സുരേന്ദ്രന് എന്ന ക്രൗഡ് പുള്ളറിലാണ് ബിജെപിയുടെ കേരളത്തിലെ പ്രതീക്ഷകള്‍.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും ആറുമാസത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പും കെ.സുരേന്ദ്രനു വലിയ വെല്ലുവിളിയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍
പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാരുടെ എണ്ണം ഒന്നില്‍നിന്നു രണ്ടക്കത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്.
കുമ്മനവും പിള്ളയും
മുന്‍ഗാമികളായ കുമ്മനം രാജശേഖരനും പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും കഴിയാത്ത രണ്ടക്ക പ്രതീക്ഷ സുരേന്ദ്രന് എന്ന തീപ്പൊരി നേതാവിനു കഴിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ വിമതസ്വരം ശക്തിപ്രാപിക്കുന്പോഴും പുറമേയ്ക്കെങ്കിലും ശാന്തനാണ് സുരേന്ദ്രന്. മിസോറം ഗവര്‍ണറായതോടെ പി.എസ്. ശ്രീധരന്‍പിള്ള രാജിവച്ചപ്പോഴുണ്ടായ മൂന്നര മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലായിരുന്നു സുരേന്ദ്രന്റെ വരവ്.
സമരനായകൻ
ശബരിമല സമരത്തിനു ചുക്കാൻ പിടിക്കുകയും 22 ദിവസം ജയിലിൽ കിടക്കുകയും ചെയ്ത സുരേന്ദ്രന് സമര നായകനെന്ന പരിവേഷത്തോടെയായിരുന്നു ബിജെപിയുടെ അമരക്കാരനായെത്തിയത്.
സുരേന്ദ്രന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന “യുദ്ധ’മുറകളെ ഉറ്റുനോക്കുകയാണ് ഇടത്-വലത് മുന്നണികള്‍. ശബരിമല വിഷയം പ്രചാരണ ആയുധമാക്കി
പത്തനംതിട്ടയില്‍ 32.17 ശതമാനം വോട്ടുനേടിയ സുരേന്ദ്രനു രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫുമായി 430 വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയില്‍ സുരേന്ദ്രന് രാഷ്ട്രദീപികയോടു മനസ് തുറക്കുന്നു.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം നേരത്തെതന്നെ ആരംഭിച്ചിരുന്നു. എല്ലാ പ്രവര്‍ത്തകരും ഊര്‍ജസ്വലരായി പ്രചാരണരംഗത്തുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം
സ്വാധീനിക്കുമോ ?
തീര്‍ച്ചയായും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കും. മഹാസഖ്യത്തിനെതിരേ എന്‍ഡിഎ ഭരണം നിലനിര്‍ത്തിയതു കേരളത്തിലും ജനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതു വോട്ടായി മാറും.
പ്രധാന പ്രചാരണ വിഷയങ്ങള്‍ ?
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്താണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുള്പ്പെടെയുള്ളവരുടെ പങ്കുകള്‍ ഓരോ ദിവസവും പുറത്തുവരികയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വരെ അന്വേഷണം എത്തിയിട്ടുണ്ട്. അഴിമതിയും വിഷയമാക്കും. വികസന കാര്യങ്ങളെയും
ചര്‍ച്ചയാക്കി മാറ്റും.
യുഡിഎഫും എല്‍ഡിഎഫും ?
യുഡിഎഫും എല്‍ഡിഎഫും മുമ്പെങ്ങുമില്ലാത്ത സാഹചര്യത്തിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം അണികളും നേതാക്കളും ആശയക്കുഴപ്പത്തിലും ആത്മവിശ്വാസ തകര്‍ച്ചയിലുമാണ്.
കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാക്കാനാകുന്നില്ല. റിബലുകള്‍ വെല്ലുവിളി കോൺഗ്രസിനെ വലയ്ക്കും.
അബ്ദുള്ളക്കുട്ടിയുടെ വരവ്?
ദേശീയ വൈസ്പ്രസിഡന്റായി അബ്ദുള്ളക്കുട്ടിയുടെ കടന്നുവരവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല ഘടമാണ്. മതന്യൂനപക്ഷങ്ങളുടെ വോട്ട് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതീക്ഷകൾ എങ്ങനെ ?
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്, നഗരസഭ, കോര്പറേഷന്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലായി 21,908 വാര്‍ഡുകളാണുള്ളത്. ഇവിടെയെല്ലാം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 1,236 വാര്‍ഡുകളാണ് പിടിച്ചെടുത്തത്.
ഏറ്റവും സീറ്റുകിട്ടുന്ന മുന്നണി എന്‍ഡിഎ ആയിരിക്കും. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ സമ്പൂര്‍ണ ആധിപത്യമുണ്ടാവും. കോഴിക്കോട്, കൊച്ചി, കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയാവും.
പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍
ബിജെപിയില്‍ അത്തരത്തിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. സിപിഎമ്മുള്‍പ്പെടെയുള്ള ബിജെപിക്കുള്ളില്‍ പ്രശ്നങ്ങളുണ്ടെന്നു ചര്‍ച്ച ചെയ്യുന്നത് അവര്‍ക്കു മറ്റൊന്നും പറയാനില്ലാത്തതിനാലാണ്. പാര്‍ട്ടിയിലുള്ളവര്‍ ഒറ്റക്കെട്ടായാണു മുന്നോട്ടു പോവുന്നത്. ചര്‍ച്ച ചെയ്യാന്‍ പോലുമുള്ള വിഷയങ്ങള്‍ ബിജെപിയില്‍ നിലനില്ക്കുന്നില്ല.