കോഴിക്കോട്: ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവർക്കെതിരെ കേസെടുത്തു. കോഴിക്കോട് മേപ്പയൂർ പോലീസാണ് കേസെടുത്തത്.
എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന് മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ തുടർന്ന് അജ്നാസ് അജ്നാസ് എന്ന ഐഡിയില്‍ നിന്നാണ് അശ്ലീല കമന്റ് വന്നത്.
ഇയാള്‍ക്കെതിരെ ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുകയും കൂടാതെ ഖത്തര്‍ മിനിസ്ട്രിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുകയാണ് ബിജെപി അനുഭാവികൾ.
സുരേന്ദ്രൻ പോസ്റ്റ് ചെയ്ത ചിത്രത്തോട് ഒരു ലക്ഷത്തിലധികം പേരാണ് പ്രതികരിച്ചത്. എണ്ണായിരത്തിലധികം കമന്റുകളും നിലവിൽ ചിത്രത്തിനുണ്ട്. ഏതാണ്ട് ആയിരത്തിലധികം പേര് ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.
ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.