പത്തനംതിട്ട: ശബരിമലയിലെ സുരക്ഷ മുൻ നിർത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരേന്ദ്രനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
ശബരമലയിലെ സുരക്ഷയുടെ ഭാഗമായാണ് സുരന്ദ്രനെ അറസ്റ്റ് ചെയ്തതെന്നതുൾപ്പടെയുള്ള പോലീസിന്‍റെ വാദമുഖങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. ഞായറാഴ്ച കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചാണ് സുരേന്ദ്രനെതിരായ നടപടികൾ പൂർത്തിയാക്കിയത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി സുരേന്ദ്രനെ റിമാൻഡ് ചെയ്യുകയായിരുന്നു.
ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകൾക്കും ശബരിമല നടതുറന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിൽ സുരേന്ദ്രന് പങ്കുണ്ടെന്നും ഈ രണ്ട് സമയത്തും അദ്ദേഹം ശബരിമലയിൽ തമ്പടിച്ചിരുന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
റിമാൻഡിലായ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. നേരത്തെ, സുരേന്ദ്രനെ കരുതൽ തടങ്കലിൽ വയ്ക്കുകയാണെന്നായിരുന്നു സൂചന. എന്നാൽ, ചിറ്റാർ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് എന്ന് വ്യക്തമായത്.
കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി സുരേന്ദ്രനെ ഇന്ന് രാവിലെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സുരേന്ദ്രന് സാധാരണ പരിശോധനകൾക്കു പുറമേ എക്സറേ എടുക്കുകയും ചെയ്തു. തനിക്ക് പോലീസ് മർദനമേറ്റുവെന്നും എക്സറേ എടുക്കണമെന്നുമുള്ള അദ്ദേഹത്തിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.