കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുള്പ്പെടെയുള്ളവര്ക്കെതിരേ കേസുകളുടെ കുത്തൊഴുക്ക് തുടരുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്ജീവമെന്നാരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റിലായി ആറുദിവസംകഴിഞ്ഞിട്ടും ഇതുവരെ ശക്തമായ പ്രതിഷേധങ്ങള്‍ പാര്‍ട്ടിയില്‍നിന്നും ഉണ്ടാകാത്തതിനെതിരേ പ്രതിഷേധം കനക്കുകയാണ്.
ആര്‍എസ്എസിന് അത്രയൊന്നും അഭിമതനല്ലാത്ത കെ.സുരേന്ദ്രനോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കും അത്രതാത്പര്യമില്ലെന്നാണ് സൂചന. അതേസമയം പ്രവര്‍ത്തകര്‍ക്കിടയില്‍ കെ.സുരേന്ദ്രന് വന്‍ സ്വീകാര്യതയാണ് ഉള്ളത്. അടുത്ത പാര്‍ട്ടി എംഎല്‍എ എന്ന് പ്രവര്‍ത്തകര്‍ കരുതുന്ന നേതാവിനെതിരേ കേസുകള്‍ വരുമ്പോള്‍ പാര്‍ട്ടി സ്വീകരിച്ച പ്രതിഷേധ നടപടികള്‍ ശരിയായില്ല എന്നാണ് വികാരമുയരുന്നത്.
അതേസമയം നേതൃത്വത്തിന് മറുപടിയുമായി ജയിലില്‍ നിന്നും ഇറങ്ങുന്ന നിമിഷം വന്‍ സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് അണികള്‍.പാർട്ടി നടത്തിയ സമരത്തിന്റെ പേരിൽ എടുത്ത പഴയ കേസുകൾ കുത്തിപ്പൊക്കി സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലിരുത്താൻ സർക്കാർ ശ്രമിക്കുക്കുകയാണെന്ന് അണികള്‍ പറയുന്നു.
പാർട്ടിയുടെ ഏറ്റവും ഊർജസ്വലനായ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രനെ ജയിലിൽ സന്ദർശിക്കാത്തതും ശബരിമല വിഷയത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്താത്തതും ബിജെപി നേതാക്കളിലും അമർഷം പുകയ്ക്കുന്നുണ്ട്.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നടത്തിയ സംസ്ഥാന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി സുരേന്ദ്രന് വേണ്ടി പ്രതിഷേധിച്ചത് ദേശീയ പാത ഉപരോധിച്ചായിരുന്നു. ഇത് പാർട്ടി നേതാക്കൾക്കിടയിലും അണികൾക്കിടയിലും പ്രതിഷേധമുളവാക്കിയിട്ടുണ്ട്.
കൂടാതെ കേന്ദ്രമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ശബരിമലയിൽ എത്തിയിട്ടും സംസ്ഥാന അധ്യക്ഷൻ പോകാൻ തയാറാകാത്തതും പാർട്ടിയിൽ വിവാദങ്ങളുടെ തിരി കൊളുത്തിയിട്ടുണ്ട്. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ അണികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാൽ ബിജെപി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് ചോറൂണിനായെത്തിയ 52കാരിയായ തൃശൂർ സ്വദേശിയെ ആക്രമിച്ച സംഭവത്തിൽ സുരേന്ദ്രൻ അടക്കം കൂടുതൽ നേതാക്കൾക്കെതിരെ ഇപ്പോൾ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി, ആർ. രാജേഷ്, വി.വി. രാജേഷ്, പ്രകാശ് ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തത്.