തിരുവനന്തപുരം: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീകളെ തടഞ്ഞെന്ന കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. ഇന്ന് രാവിലെ പത്തരയോടെയാണ് സുരേന്ദ്രൻ ജയിൽ മോചിതനായത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, വി.മുരളീധരൻ എംപി, ബിജെപി സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, സി.കെ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് ജയിലിൽ നിന്നും സ്വീകരിച്ചാണ് പുറത്തെത്തിച്ചത്.
ഹൈക്കോടതിയിൽ നിന്നാണ് സുരേന്ദ്രന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാന്നി കോടതിയാണ് നേരത്തെ സുരേന്ദ്രനെ റിമാൻഡ് ചെയ്തിരുന്നത്. സുരേന്ദ്രന്റെ അഭ്യർത്ഥന പരിഗണിച്ച് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അദ്ദേഹത്തെ പാർപ്പിക്കുകയായിരുന്നു.
ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് റാന്നി കോടതിയിൽ സമർപ്പിക്കുകയും അവിടെ നിന്നുള്ള രേഖകൾ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ചതോടെയാണ് സുരേന്ദ്രൻ ജയിൽ മോചിതനായത്.
ജാമ്യത്തിൽ ഇറങ്ങിയ സുരേന്ദ്രനെ പാർട്ടിപ്രവർത്തകർ നിരവധി വാഹനങ്ങളുടെ അകന്പടിയോടെ സ്വീകരിച്ച് പ്രകടനമായി പഴവങ്ങാടി ഗണപതിക്ഷേത്രത്തിൽ എത്തിച്ചു. അവിടെ ക്ഷേത്ര ദർശനത്തിന് ശേഷം കാൽനടയായി സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ സമരപന്തലിലെത്തി അഭിവാദ്യം അർപ്പിച്ച ശേഷം സുരേന്ദ്രൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇരുപത്തിമൂന്ന് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സുരേന്ദ്രൻ ജയിൽ മോചിതനാകുന്നത്. ശബരിമല ദർശനത്തിന് ഇരുമുടി കെട്ടുമായി പോകവെയാണ് സുരേന്ദ്രനെ നിലയ്ക്കലിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ തടഞ്ഞ് ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നാലെ പഴയ കേസുകളുടെ വാറന്റുകൾ പോലീസ് കോടതിയിൽ നൽകി. എല്ലാ കേസിലും സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും സ്ത്രീയെ തടഞ്ഞെന്ന കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. ഇതോടെയാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്.