വൈപ്പിൻ: ഗോവധം സംബന്ധിച്ചുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ഗൾഫിൽ നിന്നു വൈപ്പിൻ പുതുവൈപ്പ് സ്വദേശിയായ മലയാളി യുവാവ് വാട്സ് ആപ്പിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വധഭീഷണിയുണ്ടെന്നാരോപിച്ച് യുവമോർച്ച നൽകിയ പരാതിയിൽ എന്തു നടപടി സ്വീകരിക്കണമെന്നറിയാൻ പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാർ ഞാറക്കൽ സിഐ കെ. ഉല്ലാസുമായി നടത്തിയ ചർച്ചയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
അപകീർത്തികരമായ പ്രചരണം നടത്തിയതിൽ മാനനഷ്ടത്തിനുള്ള വകുപ്പാണോ, അതോ പശുവിനെയല്ല സുരേന്ദ്രനെവരെ കൊല്ലാൻ ഇവിടെ ആളുകൾ ഉണ്ടെന്ന പ്രഖ്യാപനത്തിൽ വധഭീഷണിക്കുള്ള വകുപ്പാണോ ചേർക്കേണ്ടതെന്ന കാര്യത്തിൽ ഉറപ്പു വരുത്താൻ വേണ്ടിയാണ് പോലീസ് കോടതിയെ സമീപിച്ചിട്ടുള്ളത് . കോടതിയുടെ നിർദ്ദേശമനുസരിച്ച് കേസെടുക്കുമെന്നാണ് പോലീസ് പരാതിക്കാരെ അറിയിച്ചത്.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സുരേന്ദ്രന്റെ മാതാപിതാക്കളെവരെ തെറിവിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇതിനിടയിലാണ് ഭീഷണി ഉയർത്തുന്നത്. ഇത് സംസ്ഥാനം വേറെയാണ് ഇവിടത്തെ യുവാക്കൾ വിദ്യാസന്പന്നരാണ് അതുകൊണ്ട് സുരന്ദ്രൻ ഇതേപോലെയുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് നിതിൻ പള്ളത്ത്, എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് അനീഷ് മുറിപ്പാടം, ജനറൽ സെക്രട്ടറി എ.എസ്. സജിത്ത്, അരുൺ, ശ്യാംലാൽ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.