കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ ദീവേഷ് ചേനോളിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പരാതിയിലാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നുള്ള ഐപിസി 469, 129 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
ദീവേഷ് നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ നടത്തിയ തെറ്റായ പ്രചാരണം സുരേന്ദ്രന് മാനസികസംഘർഷവും പ്രയാസവുമുണ്ടാക്കിയതായി മനസിലായെന്നും അതിനാൽ ഐടി വകുപ്പുകളനുസരിച്ചും ഐപിസി വകുപ്പുകൾ പ്രകാരവും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് സതീശൻ പാച്ചേനി പരാതി നല്കിയിരുന്നു.
പരാതി ജില്ലാ പോലീസ് മേധാവി കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ നടത്തിയ വ്യാജപ്രചാരണത്താൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പ്രമോദ് ആരോപിച്ചിരുന്നു.