സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വം സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശിച്ചു. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേകളില്‍ 20 മണ്ഡലങ്ങളിലും സുരേന്ദ്രനാണ് ഒന്നാമതെത്തിയത്.
പൊതുജനാഭിപ്രായവും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അഭിപ്രായങ്ങളുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സുരേന്ദ്രനുള്ള ജനകീയ പിന്തുണയെ തുടര്‍ന്നാണ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയത്.
സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നേതൃയോഗത്തിലും പിന്നീട് ദേശീയ നേതൃത്വത്തിനും കൈമാറിയിരുന്നു. തുടര്‍ന്നാണ് മത്സര രംഗത്തിറങ്ങാന്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. സുരേന്ദ്രന് മത്സരരംഗത്തുണ്ടെങ്കില്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.
ഈ സാഹചര്യത്തില്‍ 20 മണ്ഡലങ്ങളില്‍ ഏത് വേണമെങ്കിലും സുരേന്ദ്രന് തെരഞ്ഞെടുക്കാമെന്നും ദേശീയ നേതൃത്വം അറിയിച്ചു.വട്ടിയൂര്‍കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, ആറന്മുള, കോന്നി, പാലക്കാട്, മലമ്പുഴ, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവയുള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് കെ.സുരേന്ദ്രന്റെ പേര് ഒന്നാംസ്ഥാനത്ത് പരിഗണിച്ചത്.
89 ന്റെ നഷ്ടം
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് തോറ്റത്. 56781 വോട്ട് നേടി സുരേന്ദ്രന് രണ്ടാംസ്ഥാനത്തായിരുന്നുള്ളത്. അന്ന് മുസ്ലിം ലീഗിന്റെ പി.ബി.അബ്ദുള്‍ റസാഖായിരുന്നു വിജയിച്ചത്.
ഇതേ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി 16,713 വോട്ടായിരുന്നു നേടിയത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് 39,786 വോട്ടുകള്‍ നേടി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന് കോന്നിയില്‍ നിന്ന് മാത്രം 46064 വോട്ട് ലഭിച്ചിരുന്നു.
കോന്നിയിൽ വരുമോ?
നിലവിലെ സാഹചര്യത്തില്‍ മഞ്ചേശ്വരവും കോന്നിയും സുരേന്ദ്രന് ഏറെ അനുകൂലമായ മണ്ഡലമായാണ് ബിജെപി കാണുന്നത്. സുരേന്ദ്രന് പ്രചാരണം നയിക്കാന്‍ നിയോഗിക്കപ്പെടുന്നതിനാല്‍ മത്സരിക്കില്ലെന്നായിരുന്നു ആദ്യം തീരുമാനിച്ചത്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നേതാക്കളെല്ലാം മത്സരരംഗത്തു വന്നതിനാല്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായിരുന്നു. അതിനാല്‍ ഇത്തവണ കൂട്ടത്തോടെ നേതാക്കള്‍ മത്സരിക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ സുരേന്ദ്രന് കോന്നിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു.
അതിന് പിന്നാലെയാണ് സുരേന്ദ്രന് ഒരു മണ്ഡലത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തിയത്. ഇതോടെ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രം മത്സരിക്കാമെന്ന് സുരേന്ദ്രനും തീരുമാനിക്കുകയായിരുന്നു.