കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു ബിജെപി നടത്തുന്ന ജനജാഗ്രതാ യോഗങ്ങൾ വ്യാപകമായി ബഹിഷ്കരിക്കുന്നതിനെതിരേ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോടു സഹതാപം മാത്രമേയുള്ളൂ എന്നാണ് സുരേന്ദ്രന്റെ വിമർശനം.
കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു.
ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളന്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്?- സുരേന്ദ്രൻ ചോദിച്ചു.
ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് എല്ലാ തെരുവുകളിലും പറയുകതന്നെ ചെയ്യുമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.