സന്നിധാനത്ത് അമ്പത്തിരണ്ടുകാരിയായ സ്ത്രീയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മോചിതനാവുമ്പോള്‍ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങള്‍ നടത്തി ബിജെപി നേതാക്കളും പ്രവര്‍ത്തകരും.
ഹൈക്കോടതിയില്‍ നിന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് സുരേന്ദ്രന് പുറത്തിറങ്ങുന്നത്. വലിയ സ്വീകരണമാണ് സുരേന്ദ്രനായി പാര്‍ട്ടി ഒരുക്കിയിട്ടുള്ളത്. ജയിലില്‍ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ.എന്‍ രാധാകൃഷ്ണന് നിരാഹാരം കിടക്കുന്ന സെക്രട്ടറിയറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന് പോകുക.
23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സുരേന്ദ്രന് പുറത്തിറങ്ങുന്നത്. ശബരിമലയിലെ ചിത്തിര ആട്ടവിശേഷ ദിവസം ദര്‍ശനത്തിനെത്തിയ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീര്‍ക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രന് കോടതിയെ അറിയിച്ചത്. ജയില്‍ വാസം അനുഭവിച്ചതോടുകൂടി ജനപിന്തുണ വര്‍ധിച്ച നേതാവായാണ് സുരേന്ദ്രന് തിരിച്ചെത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരപിള്ള അറിയിച്ചിരുന്നു.