വിശ്വാസികളെ അണിനിരത്തി എന്തു വിലകൊടുത്തും ആചാരലംഘനം തടയും! ചരിത്രപരമായ പോരാട്ടത്തിന് സമയമായി; തൃപ്തിയും കൂട്ടരും കേരളത്തില്‍ കാലുകുത്തുന്നതിന് മുമ്പ് തന്നെയുള്ള കെ.സുരേന്ദ്രന്റെ കലാപാഹ്വാനം വിവാദത്തില്‍

ശബരിമല സന്ദര്‍ശനത്തിനായി തപ്തി ദേശായിയും കൂട്ടരും എത്തുന്നതിന് മുമ്പ് തന്നെ യുവതികള്‍ പ്രവേശിക്കുന്നത്, ഏത് വിധേനയും തടയാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു.

ശബരിമല സ്ത്രീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെയാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് തടയാന്‍ രണ്ടു വഴികളാണുള്ളതെന്നും, പ്രക്ഷോഭത്തിന് തയാറാകണമെന്ന ആഹ്വാനവുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക.

അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാര്‍ഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നില്‍ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികള്‍ക്കു മാത്രമായിരിക്കും.

Related posts