പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് വലിച്ച് താഴെയിറക്കുമെന്നും കേരളത്തില്‍ അധികാരം പിടിക്കുമെന്നുമുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം ചര്‍ച്ചയായിരിക്കുന്നത്.
സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ അമിത്ഷായുടെ ഈ തടി പോരെന്നും ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് അമിത്ഷായ്ക്ക് മറുപടിയും നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അമിത്ഷാ പറഞ്ഞത് വെറും കളിവാക്കല്ലെന്നും താഴെയിറക്കുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. സുരേന്ദ്രന്റെ വാക്കുകളിങ്ങനെ…
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനര്‍ത്ഥം ഫിസിക്കലി കസേരയില്‍ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകള്‍ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയന്. ഞങ്ങള്‍ റെഡി. ഇനി ഗോദയില്‍ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.