കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്നത് ആത്മവിശ്വാസക്കുറവുകൊണ്ടല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരവും കോന്നിയും തനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. കഴിഞ്ഞ തവണ 87 സീറ്റിന് നഷ്ടമായ മണ്ഡലമാണ് മഞ്ചേശ്വരം.
ഇത്തവണ സീറ്റ് പിടിച്ചെടുക്കണമെന്ന പാർട്ടി തീരുമാനത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വൈകാരികമായ ബന്ധമുണ്ടായ മണ്ഡലമാണ് കോന്നി.
അതിനാലാണ് അവിടെയും ജനവിധി തേടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടിടത്തും വിജയിച്ചാൽ ഏത് രാജിവയ്ക്കുമെന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. രണ്ടിടത്തും തികഞ്ഞ വിജയപ്രതീക്ഷയുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി പട്ടിക തയാറാക്കിയത്. അതിനാൽ എല്ലാ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നും ഭരണം നേടാൻ ബിജെപിക്ക് കഴിയുമെന്നും സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു.