തിരുവനന്തപുരം: നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ ദർശനത്തിനെത്തവേ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന് കൂടുതൽ കുരുക്ക്. ശബരിമല കേസിൽ ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് വിവരം.
കണ്ണൂരിൽ 2017ൽ നടത്തിയ ബിജെപി മാർച്ചിനിടെ ഡിവൈഎസ്പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറണ്ട് നിലനിൽക്കുന്നത്. കേസിൽ കോടതിയിൽ ഹാജരാകാത്തതിനാൽ കണ്ണൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വാറണ്ട് കണ്ണൂർ പോലീസ് കൊട്ടാരക്കര സബ്ജയിലിൽ എത്തിക്കുകയും ചെയ്തു.
ശബരിമല കേസിന് പുറമേ ഈ കേസിലും ജാമ്യം ലഭിച്ചെങ്കിൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു ശേഷം കോടതിൽ ഹാജരാക്കിയ സുരേന്ദ്രനെ പോലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി 14 ദിവസത്തേക്ക് റിമാൻ ചെയ്യുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.