ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ വന്നു നിൽക്കുന്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിയാതെ ബിജെപിയിൽ തമ്മിലടി. പാർട്ടിക്കു സ്വാധീനമുള്ള സീറ്റുകൾക്കു വേണ്ടി സംസ്ഥാന നേതാക്കളുടെ പിടിവലിയും കലഹവും പാർട്ടിയെ പിടിച്ചു കുലുക്കിയിരിക്കുന്നു. പാർട്ടിയിൽ കുമ്മനം രാജശേഖരനു മാത്രമാണ് സീറ്റ് ഉറപ്പുള്ളത്. സംസ്ഥാന ജനറൽസെക്രട്ടറി കെ. സുരേന്ദ്രനു സീറ്റില്ലാത്ത അവസ്ഥയാണ്. അദ്ദേഹം മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ മത്സരിക്കട്ടെ എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
കലഹം മൂത്തതോടെ ആർഎസ്എസും അഖിലേന്ത്യാ നേതൃത്വവും വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. കുമ്മനം രാജശേഖരനെയും സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയേയും ഡൽഹിക്കുവിളിപ്പിച്ചിട്ടുണ്ട്. ഇവർ 16നു ഡൽഹിയിലെത്തി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുമായി സംസാരിക്കും. ഇതുകൂടാതെ ഇവർ ഒരു ലിസ്റ്റ് തയാറാക്കിയാണ് പോകുന്നത്. ഒരു മണ്ഡലത്തിൽ നിന്നും മൂന്നു പേർ വച്ചുള്ള ലിസ്റ്റിൽ ഭേദഗതികൾ വരുത്തി അഖിലേന്ത്യാ അധ്യക്ഷൻ പ്രഖ്യാപിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു സീറ്റുണ്ടോ എന്നാണ് ഇപ്പോഴത്തെ പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ആശങ്ക. കുമ്മനം രാജശേഖരൻ തിരിച്ചു വന്നതാണ് പ്രശ്നമായതെന്നാണ് എല്ലാ ഗ്രൂപ്പും പറയുന്നത്. അദ്ദേഹം വന്നതു പാർട്ടിക്കു നേട്ടമാണെങ്കിലും സ്ഥാനാർഥി മോഹികളായ സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ പ്രശ്നത്തിലായി. കെ. സുരേന്ദ്രനു സീറ്റില്ലാത്ത അവസ്ഥയുണ്ടാകുമോ എന്നാണ് അറിയേണ്ടത്. അദ്ദേഹം ഇഷ്ടപ്പെടുന്ന പത്തനംതിട്ടയോ തൃശൂരോ ലഭിക്കാൻ സാധ്യതയില്ല. തുഷാർ വെള്ളാപ്പിള്ളി മത്സരിച്ചാൽ തൃശൂർ സീറ്റ് കൊടുക്കേണ്ടിവരും. തുഷാർ മത്സരിക്കേണ്ടതു മോദിയുടെ ആവശ്യമാണ്.
ശബരിമല വിഷയത്തിൽ ഏറ്റവും അധികം തിളങ്ങിയ നേതാവ് കെ. സുരേന്ദ്രനാണ്. ഇതിന്റെ പേരിൽ ജയിലിൽ കിടന്നതോടെ കൂടുതൽ താരപരിവേഷം കെ. സുരേന്ദ്രനു ലഭിച്ചാതായി പാർട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാൽ, പത്തനംതിട്ട സീറ്റ് സുരേന്ദ്രനു കൊടുക്കില്ല, പകരം സംസ്ഥാന അധ്യക്ഷനാണ് പത്തനംതിട്ടയ്ക്കുവേണ്ടി ഇടിക്കുന്നത്.
മറ്റൊരു സംസ്ഥാന സെക്രട്ടറിയായ എം.ടി.രമേശിനും പത്തനംതിട്ട സീറ്റിനോടാണ് താൽപര്യം. ഈ സീറ്റ് ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. എന്നാൽ, ഈ സീറ്റ് കൊടുക്കാതെ കോഴിക്കോട് സീറ്റ് കൈമാറാനുള്ള സാധ്യതയുണ്ട്. ഇതിനോടു എം.ടി.രമേശ് പ്രതികരിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷൻ എന്നനിലയിൽ മാത്രമല്ല, ശ്രീധരൻപിള്ളയ്ക്കു ഏറ്റവും അടുപ്പമുള്ള മണ്ഡലം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പേര് അവിടെ ഉയർന്നുവരുന്നത്.
എന്നാൽ, അദ്ദേഹത്തിനു സീറ്റ് കൊടുക്കണമോ എന്ന കാര്യം അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. ഏതായാലും ശ്രീധരൻപിള്ളയും കുമ്മനവും കൂടി തയാറാക്കിയ ലിസ്റ്റിൽമാറ്റം വരാനുള്ള സാധ്യതയില്ല. അതു കൊണ്ടുതന്നെ സുരേന്ദ്രനു ഇഷ്ടപ്പെട്ട മണ്ഡലം കിട്ടാനുള്ള സാധ്യത കുറയുമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം കണക്കുകൂട്ടുന്നത്.
പാലക്കാട് സീറ്റിൽ ശോഭാ സുരേന്ദ്രന്റെ പേര് സജീവമാണെങ്കിലും കൃഷ്ണകുമാറിന്റെ പേരും മുന്നോട്ട് വച്ചിട്ടുണ്ട്. വളർന്നു വരുന്ന യുവജനനേതാവ് എന്ന നിലയിൽ കൃഷ്ണകുമാറിനു സീറ്റിനു വേണ്ടി ഒരുവിഭാഗം പരിശ്രമിക്കുന്നുണ്ട്. സംസ്ഥാന നേതാക്കൾക്കു സീറ്റില്ലാത്ത അവസ്ഥ സംജാതമാകുമോ എന്നാണ് ഇപ്പോഴത്തെ പാർട്ടിയിലെ ചിന്ത. എം.ടി.രമേശ്, കെ. സുരേന്ദ്രൻ തുടങ്ങിയവർക്കു ഇഷ്ടപ്പെട്ട സീറ്റ് കിട്ടില്ലെന്നുറപ്പായി കഴിഞ്ഞു.