കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നിരുപാധിക ജാമ്യം അനുവദിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.സി. ആന്റണി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം ഫെബ്രുവരി 14ന് വീണ്ടും കോടതിയിൽ ഹാജരാകണം.
കണ്ണൂർ കോടതി ജാമ്യം അനുവദിച്ചെങ്കിലും ശബരിമലയിൽ 52 കാരിയെ വഴിതടയുകയും അക്രമിക്കുകയും ചെയ്ത കേസിൽ 308ാം വകുപ്പു പ്രകാരം പോലീസെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിയില്ല. ഈ കേസിലെ ജാമ്യാപേക്ഷ റാന്നി കോടതി ഇന്നു പരിഗണിക്കും.
കെ. സുരേന്ദ്രനെ ഇന്നു രാവിലെ 10.45 ഓടെയാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്. ഫസൽ വധക്കേസിൽ കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കണ്ണൂർ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ ഡിവൈഎസ്പിമാരായ പി.പി.സദാനനന്ദനും പ്രിൻസ് ഏബ്രഹാമിനുമെതിരേ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രസംഗിക്കുകയും സോഷ്യൽ മീഡിയയിലും ഭീഷണി സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിന് ടൗൺ പോലീസ് എടുത്ത കേസിലാണ് ജാമ്യം.
കേസിൽ സുരേന്ദ്രൻ നിരന്തരമായി ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പാലക്കാട് നിന്നും പോലീസ് വാനിലാണ് സുരേന്ദ്രനെ കണ്ണൂരിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കി 10.45 ഓടെ സുരേന്ദ്രനെ തിരിച്ചുകൊണ്ടുപോയി.