കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ കോന്നിയില്‍ താമര വിരിയിക്കാന്‍ കച്ചമുറുക്കി മലബാര്പട. ഉത്തരമലബാറില്‍ നിന്നുള്ള കെ.സുരേന്ദ്രന്റെ ഫാന്‍സുകാരാണ് പ്രചാരണത്തിനായി അങ്കത്തട്ടില്‍ സജീവമായത്. പഴയ എബിവിപി പ്രവര്‍ത്തകര്‍ മുതല്‍ ശബരിമല ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വരെ സുരേന്ദ്രന്റെ വിജയത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊന്നും ലഭിക്കാത്ത താര പരിവേഷമാണ് കോന്നിയില്‍ സുരേന്ദ്രന് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. കുമ്മനംരാജശേഖരനെ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് തെരഞ്ഞെടുപ്പിലെ ഗ്ലാമര്താരമായി കെ.സുരേന്ദ്രന് മാറിയത്. അടുത്ത സംസ്ഥാന അധ്യക്ഷനാവുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുന്നുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ മലബാറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ കോന്നിയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരുന്നു. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളപ്രവര്ത്തകരാണ് ഏറെയും പ്രചാരണത്തിനായി എത്തിയത്.
കാസര്‍ഗോഡ് നിന്നുള്ള പ്രവര്‍ത്തകര്‍ മഞ്ചേശ്വരത്ത് രവീശതന്ത്രി കുണ്ടാറിന്റെ പ്രചാരണത്തിനിറങ്ങാതെയാണ് സുരേന്ദ്രനായി കോന്നിയിലെത്തിയത്. ഇത് പാര്‍ട്ടിയില്‍ അതൃപ്തിക്കിടവരുത്തുന്നുണ്ട്. അതേസമയം പ്രാദേശികമായി സ്ഥാനാര്‍ഥിയോടുള്ള വിയോജിപ്പാണ് പ്രചാരണത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതിന് മറ്റൊരു കാരണം.
ഐടി, മീഡിയ വിഭാഗങ്ങള്‍ രൂപീകരിച്ചാണ് സുരേന്ദ്രന്റെ പ്രചാരണം കൊഴുപ്പിക്കുന്നത്. കോഴിക്കോട് നിന്നുള്ള സംസ്ഥാന സമിതി അംഗമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമായും പ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനായി ഓരോ പഞ്ചായത്തിന്റെയും ചുമതല ഓരോരുത്തര്‍ക്കായി നല്‍കും.
കോന്നിയില്‍ ബിജെപിയുടെ വളര്‍ച്ച കണക്കിലെടുത്താണ് ആര്‍എസ്എസ് നേതൃത്വം സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയതെന്നാണ് പറയുന്നത്. 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടിനേക്കള് 28,284 വോട്ടുകളുടെ വര്‍ധനയാണ് പത്തനംതിട്ടയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായത്.
കൃത്യമായ പ്രചാരണവും ശബരിമല വിഷയമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടിയില്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചതുമാണ് വോട്ട് വര്‍ധനയ്ക്ക് പ്രധാനകാരണമായി ബിജെപി കാണുന്നത്. ഇത്തരത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ഉപതെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്.
യുഡിഎഫിന് 3813 വോട്ടും എല്‍ഡിഎഫിന് 1562 വോട്ടും കുറഞ്ഞത് ബിജെപിയുടെ പ്രചാരണത്തെ തുടര്‍ന്നാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതിന് മലബാറില്‍ നിന്നുള്ള സുരേന്ദ്രന് ഫാന്‍സുകാരുടെ പങ്ക് വളരെ വലുതാണ്. കോന്നി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കലഞ്ഞൂര്‍, മലയാലപ്പുഴ പഞ്ചായത്തുകളില്‍ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംസ്ഥാനത്തെത്താനായിയിരുന്നു.
ഏനാദിമംഗലത്ത് രണ്ടാംസ്ഥാനത്തും എത്തിയിരുന്നു. യുഡിഎഫ് ഭരിക്കുന്ന മൈലപ്ര, പ്രമാടം, കോന്നി എന്നിവിടങ്ങളിലും ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു.