ചാത്തന്നൂർ:ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുളള സമരത്തെ പരാജയപ്പെടുത്താൻ ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാമെന്ന പിണറായി വിജയന്റെ വ്യാമോഹം നടപ്പിലാകില്ലെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള നയിക്കുന്ന എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയ്ക്ക് ചാത്തന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധിയെ മറികടക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ അത് ബോധ്യപ്പെടുത്താൻ സർക്കാർ തയാറാകണം.
വിശ്വാസി സമൂഹത്തിൽ നിന്നും ശക്തമായ തിരിച്ചടി സ്വന്തം പാർട്ടയിൽ നിന്നും സിപിഎമ്മിന് ലഭിച്ച് തുടങ്ങിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.ബിജെപി സംസ്ഥാന സമിതി അംഗവും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമായ ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
ദേവസ്വം ബോർഡ് നിയമത്തിലെ 29-ാം വകുപ്പിലുൾപ്പെട്ട ഹിന്ദുവിനെ സംബന്ധിക്കുന്ന ഭാഗം ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠൻ മാസ്റ്റർ,ബി.ജെ.പി. സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, ശിവൻകുട്ടി ,ജെ.ആർ.പത്മകുമാർ, രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥൻ, ഹരികുമാർ,രാജി പ്രസാദ്,ബി.ഐ. ശ്രീനാഗേഷ്, പരവൂർ സുനിൽ എന്നിവർ പ്രസംഗിച്ചു.