കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തളയ്ക്കാന്‍ അണിയറയില്‍ നീക്കം.
സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന സുരേന്ദ്രനെതിരേ ഏതെങ്കിലും രീതിയില്‍ നിയമനടപടി സ്വീകരിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനായി മുതിര്‍ന്ന ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് സജീവമായി രംഗത്തുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.
കെ.സുരേന്ദ്രന്റേയും സുരേന്ദ്രനുമായി അടുത്തബന്ധമുള്ളവരുടേയും ഫോണുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കവും നടക്കുന്നതായാണ് ആരോപണമുയരുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാര്‍ക്കുമുള്ള പങ്ക് നിരന്തരം ചര്‍ച്ചയാക്കി നിലനിര്‍ത്തുന്നത് സുരേന്ദ്രനാണ്. ഇതിന് പിന്നാലെ കിഫ്ബി പദ്ധതികളേയും സുരേന്ദ്രന് രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
ഏറ്റവുമൊടുവില്‍ പോലീസ് ആക്ടിലെ ഭേദഗതിക്കെതിരേ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചതും സര്‍ക്കാരിന് ക്ഷീണം വരുത്തിയിട്ടുണ്ട്.
ഈ സാഹചര്യം നിലനില്‍ക്കെയാണ് സുരേന്ദ്രനെതിരേ ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാനുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നത്.
രണ്ട് ദിവസം ചര്‍ച്ചയായി മാറാവുന്ന സംഭവങ്ങള്‍ പുറത്തുകൊണ്ടുവരികയും സുരേന്ദ്രന്റെ ജനസമ്മതി അതുവഴി ഇല്ലാതാക്കാനുമുള്ള തന്ത്രങ്ങളാണ് മെനയുന്നത്. സൈബര്‍ ഡോംവഴിയാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജിലന്‍സിനെ ഉപയോഗിച്ചും മറ്റും സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരെയാണ് അടുത്ത ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടും പാലാരി വട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുമായിരുന്നു അറസ്റ്റ്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിലായി വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നിരയിലെ പ്രധാനിയായ വി.ഡി.സതീശനും വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലാണ്. അതേസമയം സുരേന്ദ്രനെതിരേ അഴിമതി ആരോപണം ഉന്നയിക്കാനില്ലാത്ത സാഹചര്യത്തിലാണ് മറ്റു വഴികള്‍ നോക്കുന്നത്.