പത്തനംതിട്ട: അറസ്റ്റിലായ തന്നെ പോലീസ് മർദിച്ചെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ വാദം പൊളിച്ച് പോലീസ്. മർദനമേറ്റിട്ടില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് പോലീസ് മജിസ്ട്രേറ്റിനു മുന്നിൽ സമർപ്പിച്ചു.
തന്നെ പോലീസ് നിലത്തിട്ട് വലിച്ചിഴച്ചു മർദിച്ചെന്നും മരുന്നു കഴിക്കാൻ പോലും അനുവദിച്ചില്ലെന്നുമാണ് കെ.സുരേന്ദ്രൻ മജിസ്ട്രേറ്റിനോടു പരാതിപ്പെട്ടത്. പ്രഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ അനുവദിക്കാത്ത പോലീസ്, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാൽ ഇതിനെ പ്രതിരോധിച്ച് പോലീസ് വൈദ്യപരിശോധനാ റിപ്പോർട്ട് നൽകുകയായിരുന്നു. വൈദ്യപരിശോധനയിൽ സുരേന്ദ്രനു കാര്യമായ കുഴപ്പങ്ങളില്ലെന്നു തെളിഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.