തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും ഫേസ്ബുക്കിൽ ട്രോളന്മാരുടെ പൊങ്കാല. ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ട്രോൾപെരുമഴയ്ക്ക് കാരണം.
വിധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതിനെ തുടർന്നാണ് വിമർശന പ്രളയം. സുപ്രീംകോടതി വിധി വന്നയുടനാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ വിധിയെ പിന്തുണച്ച് പോസ്റ്റിട്ടത്. എന്നാൽ, ആദ്യം വിധിയെ അനുകൂലിച്ച പാർട്ടി സംസ്ഥാന നേതൃത്വം ആ നിലപാട് പിന്നീട് മാറ്റി സമരപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
ഇതോടെയാണ് സുരേന്ദ്രൻ വെട്ടിലായത്. പാർട്ടി നിലപാട് മാറ്റിയതോടെ സുരേന്ദ്രനും മലക്കം മറിഞ്ഞു. പൊടുന്നനെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽനിന്ന് പോസ്റ്റ് അപ്രത്യക്ഷമായി. സ്ത്രീപ്രവേശന വിഷയത്തിൽനിന്ന് പിണറായി വിജയൻ പിന്മാറണമെന്നതാണ് പുതിയ പോസ്റ്റ്. ‘നിറം മാറ്റം എന്ന് പറഞ്ഞാൽ എജ്ജാതി നിറം മാറ്റം’എന്നാണ് സുരേന്ദ്രന്റെ നിലപാടുമാറ്റത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.
ആദ്യത്തെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളും ആളുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ സംഗത്തി വൈറലായി. അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നായിരുന്നു സുരേന്ദ്രൻ ആദ്യ പോസ്റ്റിൽ കുറിച്ചിരുന്നത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും ആ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.