തിരുവനന്തപുരം: തെരഞ്ഞെടുപ്പുദിനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു നേരിട്ട് പങ്കുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം.
സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചു. അദ്ദേഹത്തിന്റെ വിദേശയാത്രകൾ ദുരൂഹമാണ്. മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിയാണു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറുന്പോൾ ഞെട്ടിക്കുന്ന വിവരങ്ങളെന്നു കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പാലാരിവട്ടം പാലം കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ അകത്താവുമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.